ഹാഥ്‌രസ് കൂട്ടമാനഭംഗ കൊല : മൂന്ന് പ്രതികളെ വെറുതെ വിട്ടു, ഒരു പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

Friday 03 March 2023 12:00 AM IST

ന്യൂ ഡൽഹി : രാജ്യത്തെ ഞെട്ടിച്ച്,​ ഉത്തർപ്രദേശ് ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയാകുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്‌ത കേസിലെ നാല് പ്രതികളിൽ മൂന്ന് പേരെയും പ്രത്യേക കോടതി വെറുതേ വിട്ടു. ഒരു പ്രതിക്ക് നരഹത്യ കുറ്രത്തിനും പട്ടികവിഭാഗ അതിക്രമം തടയൽ നിയമ പ്രകാരവും ജീവപര്യന്തം കഠിനതടവ് വിധിച്ചു. നാല് പ്രതികൾക്കെതിരെയും കൂട്ടബലാൽസംഗക്കുറ്റവും കൊലപാതകവും തെളിഞ്ഞില്ല.

രാമു, ലവ്കുശ്, രവി എന്നിവരെയാണ് പട്ടികവിഭാഗ കേസുകൾ കൈകാര്യം ചെയ്യുന്ന ഹാഥ്‌രസിലെ പ്രത്യേക കോടതി വെറുതെ വിട്ടത്. സന്ദീപ് താക്കൂർ എന്ന പ്രതിക്കാണ് ജീവപര്യന്തം കഠിനതടവ്.

വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും, നിയമപോരാട്ടം തുടരുമെന്നും കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കി.

വിഷയം ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്‌ത രീതിയിൽ പ്രതിപക്ഷം അടക്കം വ്യാപക പ്രതിഷേധമുയർത്തിയിരുന്നു. തങ്ങളുടെ സമ്മതമില്ലാതെ യു.പി.പൊലീസ് പെൺക്കുട്ടിയുടെ സംസ്‌കാരം നടത്തിയെന്ന കുടുംബത്തിന്റെ പരാതി രാജ്യത്തെ ഞെട്ടിച്ചു. പിന്നാലെ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും, കേസ് അന്വേഷണം സി.ബി.ഐക്ക് വിടുകയും ചെയ്‌തിരുന്നു.

2020 സെപ്‌തംബർ 14നാണ് 19കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായത്. സെപ്‌തംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചു. ഒക്ടോബർ പത്തിന് അലഹബാദ് ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറി. ഡിസംബറിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. കൂട്ടബലാൽസംഗവും കൊലപാതകക്കുറ്രവുമാണ് നാല് പ്രതികൾക്കുമെതിരെ സി.ബി.ഐ. ചുമത്തിയത്.

Advertisement
Advertisement