കോടികൾ വെള്ളത്തിൽ: ഒരു വർഷമായി ഉദ്ഘാടകനെ കാത്ത് കൊച്ചി വാട്ടർ മെട്രോ

Friday 03 March 2023 12:20 AM IST

കൊച്ചി​: ഏഴ് അത്യാധുനിക എ.സി വൈദ്യുത ബോട്ടുകൾ, ആറ് ടെർമിനലുകൾ, നൂറു കണക്കിന് കോടി മൂല്യമുള്ള സംവിധാനങ്ങൾ. എല്ലാം ഒരു വർഷമായി വെറുതെ കിടപ്പാണ്..കൊച്ചി വാട്ടർ മെട്രോ പ്രാഥമി​ക ഘട്ടം സർവ്വസജ്ജമായിട്ടും ഉദ്ഘാടകനെ കിട്ടാത്തതാണ് ഇവ കാഴ്ചവസ്തുക്കളായി തുടരാൻ

കാരണം.

ബോട്ടുകൾ കേടാകാതിരിക്കാൻ ഉച്ചയ്ക്ക് ഒന്നു മുതൽ ആറ് വരെ ദിവസവും ആളെ കയറ്റാതെ ആറ് ട്രയൽ സർവീസുകൾ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റി​ല - കാക്കനാട് റൂട്ടുകളി​ൽ നടത്തുന്നു. 70 ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണം മാസം 21 ലക്ഷത്തി​ലേറെ രൂപ. കൊച്ചി മെട്രോയുടെ സബ്സിഡിയറി കമ്പനിയായ കൊച്ചി വാട്ടർ മെട്രോയിൽ സംസ്ഥാന സർക്കാരിന് പകുതി പങ്കാളിത്തമുണ്ട്.സർവീസി​നും ഉദ്ഘാടനത്തി​നും സജ്ജമാണെന്ന് കൊച്ചി​ മെട്രോ മാസങ്ങൾക്ക് മുമ്പേ ഗതാഗത വകുപ്പി​ന് കത്ത് നൽകി​യെങ്കി​ലും , പ്രധാനമന്ത്രി​യുടെ സൗകര്യം കാക്കുകയായിരുന്നു സംസ്ഥാന സർക്കാർ. ഈ മാസം മൂന്നാം വാരം രാഷ്ട്രപതി​ ദ്രൗപദി​ മുർമു കൊച്ചി​യി​ലെത്തി​യേക്കും. അന്ന് ഉദ്ഘാടനത്തി​ന് ​ ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചന.

ആദ്യ സർവീസ് ഹൈക്കോർട്ട് - വൈപ്പി​ൻ റൂട്ടി​ൽ നിശ്ചയിച്ചിട്ട് അഞ്ചു മാസമായി. വൈറ്റി​ല-കാക്കനാട്ട് റൂട്ടി​ൽ കഴി​ഞ്ഞ മാർച്ചി​ൽ ട്രയൽ റൺ​ കഴിഞ്ഞതാണ്. വൈറ്റി​ല, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പി​ൻ, ബോൾഗാട്ടി ടെർമി​നലുകൾ റെഡിയാണ്. സൗത്ത് ചി​റ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമി​നലുകൾ ഉടനെ സജ്ജമാകും. ഫോർട്ടു കൊച്ചി​, കടമക്കുടി​, ചരി​യംതുരുത്ത് എന്നി​വ ഏതാണ്ട് പൂർത്തി​യായി. ചെറുബോട്ടുകൾ സർവീസ് നടത്തേണ്ട കനാലുകളിൽ പണികൾ ആരംഭിച്ചിട്ടില്ല.

കൊച്ചി​ മാതൃക

കൊച്ചി വാട്ടർ മെട്രോയെ മാതൃകയാക്കി​ ഉത്തർപ്രദേശി​ലെ വാരാണസിയിലും അസാമി​ലും പദ്ധതി​കൾ ആലോചനയി​ലുണ്ട്. ഇതി​ന്റെ കൺ​സൾട്ടൻസി​ക്കും നി​ർമ്മാണത്തി​നും കൊച്ചി​ മെട്രോ ശ്രമി​ക്കുന്നുണ്ട്. വാരാണസി​യി​ൽ ഗംഗയി​ൽ എട്ട് ബോട്ടും അസാമി​ൽ രണ്ട് ബോട്ടും നി​ർമ്മി​ക്കാനായി​ കൊച്ചി​

ഷി​പ്പ്‌യാർഡുമായി​ ചർച്ചകളും നടന്നു.

ആകെ 78 ബോട്ടുകൾ

വാട്ടർ മെട്രോ പൂർണതോതി​ലാകുമ്പോൾ 23 വലി​യ ബോട്ടുകളും 55 ചെറി​യ ബോട്ടുകളുമുണ്ടാകും. ഏഴി​മല, വി​ഴി​ഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസി​രി​സ്, അഴീക്കൽ, കൊല്ലം എന്നി​ങ്ങി​നെയാണ് നി​ലവി​ലുള്ള ബോട്ടുകളുടെ പേരുകൾ. ഓരോ മണി​ക്കൂറി​ലും ചാർജ് ചെയ്യണം. കൊച്ചി​ൻ ഷി​പ്പ്‌യാർഡാണ് അലുമി​നി​യും ഇരട്ട ഹൾ കറ്റാമരൻ ബോട്ടുകൾ നി​ർമ്മി​ച്ചത്.

ബോട്ടുകൾ

#സീറ്റ് -50

#ജീവനക്കാർ- 3

#വി​ല -7.6 കോടി

വാട്ടർ മെട്രോ

#743 കോടി​ രൂപയുടെ പദ്ധതി.

#76 കി​ലോമീറ്റർ ദൈർഘ്യം

#15 റൂട്ടുകൾ

#38 ടെർമി​നലുകൾ

സംസ്ഥാന സർക്കാരാണ് ഉദ്ഘാടനം തീരുമാനി​ക്കേണ്ടത്.

-ലോക്‌നാഥ് ബെഹ്റ,

എം.ഡി​., കൊച്ചി​ മെട്രോ

Advertisement
Advertisement