രാഷ്ട്രപതി 16ന് കൊച്ചിയിൽ

Friday 03 March 2023 12:28 AM IST

കൊച്ചി: രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യ സന്ദർശനത്തിനായി ദ്രൗപതി മുർമു 16ന് കൊച്ചിയിലെത്തും. നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളർ അവാർഡ് സമ്മാനിക്കാനാണ് രാഷ്ട്രപതി എത്തുന്നത്. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും നിർവഹിക്കുമെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

16ന് വൈകിട്ട് 4.30ന് ഫോർട്ടു കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് സായുധസേന യൂണിറ്റുകൾക്ക് സമ്മാനിക്കുന്ന പരമോന്നത പുരസ്കാരമായ പ്രസിഡന്റ്സ് കളർ സമർപ്പിക്കുക. പ്രത്യേക പതാകയും ഓഫീസർമാരുടെ യൂണിഫോമിൽ ധരിക്കുന്ന ബാഡ്‌ജും ഉൾപ്പെട്ടതാണ് അവാർഡ്.നാവികസേനയുടെ ഏറ്റവും വലിയ ആയുധ പരിശീലനകേന്ദ്രങ്ങളിൽ ഒന്നാണ് ദ്രോണാചാര്യ. പിസ്റ്റൾ മുതൽ മിസൈലുകൾ വരെ ഉപയോഗിക്കാൻ പരിശീലനം നൽകുന്ന കേന്ദ്രമാണിത്. 820 ഓഫീസർമാർക്കും 1,200 മറ്റുള്ളവർക്കും പ്രതിവർഷം പരിശീലനം നൽകുന്നു. സൗഹൃദ രാജ്യങ്ങളിലെ നാവികർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, പൊലീസ് എന്നിവർക്കും പരിശീലനം നൽകുന്നുണ്ട്.

Advertisement
Advertisement