പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കും; തൊഴിൽ പെർമിറ്റുകൾക്കും ബാധകം; ഈ തസ്തികകളിൽ നടപ്പിലാക്കാനൊരുങ്ങി കുവൈറ്റ്

Friday 03 March 2023 12:47 AM IST

കുവൈറ്റ് സിറ്റി: രാജ്യത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്തികകളിലും സമാനമായ നടപടി ബാധകമായേക്കാം. ഇതിനായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും.

അക്കൗണ്ടിംഗ് രംഗത്ത് ജോലി ചെയ്യുന്ന 16,000ല്‍ അധികം പ്രവാസികള്‍ക്ക് പുതിയ നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം. അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും വിശദമായ പഠനം നടത്തും. കുവൈറ്റില്‍ എന്‍ജിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യോഗ്യത നിലവില്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നുണ്ട്. ഇതിനായി കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം നിലനില്‍ക്കുന്നുണ്ട്.