കൊന്നയിൽ കടവ് പാലവും മൺറോത്തുരുത്ത് റോഡും ഇനി നന്നാകും

Friday 03 March 2023 1:52 AM IST

കൊല്ലം: തടസത്തിൽ കുരുങ്ങി നിർമ്മാണം അനിശ്ചിതമായി നീണ്ടുപോയ മൺറോത്തുരുത്ത് റോഡിനും കൊന്നയിൽ കടവ് പാലത്തിനും ശാപമോക്ഷമാകുന്നു. കുണ്ടറ- മൺറോത്തുരുത്ത് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 9 കോടി രൂപയും കൊന്നയിൽ കടവ് പാലത്തിന്റെ നിർമ്മാണത്തിന് 6 കോടിയും അധികമായി അനുവദിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചതോടെ ഇരുജോലികളും വേഗതയിൽ പൂർത്തിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം നീളുന്നത് കാരണം നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് കേരളകൗമുദി നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.

പാലത്തിന്റെ നിർമ്മാണത്തിന് 2018ൽ 28 കോടി രൂപയ്ക്ക് കരാർ നൽകിയെങ്കിലും നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിന് റെയിൽവേ തടസം നിന്നതോടെ കരാറുകാരൻ ജോലിക ഉപേക്ഷിച്ച് സ്ഥലംവിട്ടു. ഇതോടെ, അഷ്ടമുടിയിൽ പ്ലാന്റ് സ്ഥാപിച്ച് 1.5 കിലോമീറ്റർ ജങ്കാർ വഴി കോൺക്രീറ്റ് ഉൾപ്പടെയുള്ള അസംസ്‌കൃത വസ്‌തുക്കൾ എത്തിച്ച് നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിൽ 36.2 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. ഇനി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുളള ടെണ്ടർ നടപടികളിലേക്ക് പ്രവേശിക്കേണ്ടതുണ്ട്.

റോഡിനും പുതുജീവൻ

ഇരുപത്തിയഞ്ച് കോടിക്ക് കരാർ നൽകി പാതി വഴി നിലച്ച കുണ്ടറ- മൺറോത്തുരുത്ത് റോഡിനും കിഫ്ബിയിലൂടെ പുതുജീവൻ ലഭിക്കുകയാണ്. 17 കിലോമീറ്റർ വരുന്ന റോഡിന്റെ

11 കിലോമീറ്റർ ഭാഗം ബി.എം ജോലികൾ മാത്രം ചെയ്ത് കരാറുകാരൻ ജോലി ഉപേക്ഷിച്ചു. കാനറാ ബാങ്ക് മുതൽ പട്ടം തുരുത്ത് റെയിൽവേ സ്റ്റേഷൻ വരെയുള്ള ഏതാണ്ട് 6 കിലോമീറ്ററിൽ ഒരു ജോലികളും നടന്നില്ല. കരാർ റദ്ദാക്കിയ ശേഷം തയ്യാറാക്കിയ 19 കോടിയുടെ പുതിയ എസ്റ്റിമേറ്റിനാണ് കിഫ്ബി ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ, നിലവിലെ കരാറുകാരന് എഗ്രിമെന്റ് ഒപ്പുവച്ച് ജോലികൾ ആരംഭിക്കാൻ കഴിയും.

....................................................

കൊന്നയിൽ കടവ് പാലം

 പുതിയ പാലത്തിന് 175 മീറ്റർ നീളവും 11 മീറ്റർ വീതിയും

 മൺറോത്തുരുത്തിനെ പെരിങ്ങാലം സ്കൂളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം

 കടത്തുതോണിയും കാൽനടയും മാത്രം ഇപ്പോൾ ആശ്രയം

 നടപ്പാലം 92ലെ പ്രളയത്തിൽ ഒഴുകിപ്പോയി

Advertisement
Advertisement