വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പിൽ മുഖ്യമന്ത്രിയ്ക്ക് പങ്ക്? തെളിവുകളെല്ലാം ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടുമെന്ന് അനിൽ അക്കര

Friday 03 March 2023 10:29 AM IST

തൃശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും അനിൽ പറഞ്ഞു.

നിയമലംഘനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന എല്ലാ രേഖകളും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ഡിസിസിയിൽ നടത്തുന്ന വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് അനിൽ അക്കര പറഞ്ഞത്. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നടന്നത് നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കരയുടെ ആരോപണം.

ഇതിനിടെ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.