ഷുഹൈബിനെ ഭീകരമായി വെട്ടിക്കൊന്നത് സി പി എം നേതാക്കൾ പറഞ്ഞിട്ട്; സി ബി ഐ അന്വേഷണത്തെ മുഖ്യമന്ത്രി എതിർക്കുന്നത് വി ഐ പി ഗുണ്ടകളെ സംരക്ഷിക്കാനെന്ന് ടി സിദ്ദിഖ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന് ടി സിദ്ദിഖ്. ഷുഹൈബിന്റെ കൊലപാതകം സിപിഎം നേതാക്കൾ പറഞ്ഞിട്ട് ചെയ്തതാണെന്ന ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഐപി ക്വട്ടേഷൻ പ്രതികൾ ഉൾപ്പെട്ടതുകൊണ്ടാണ് കോടതിയിൽ സർക്കാർ ലക്ഷങ്ങൾ ചെലവാക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. കൊലപാതകത്തിൽ ഉന്നതരായ ആളുകൾക്ക് പങ്കുണ്ട്. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ഷുഹൈബ് കേസിൽ പുതിയ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ച് മറ്റൊരു കേസിൽ പ്രതിയായതിനാൽ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു. കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടില്ല. പ്രതികളെ സംരക്ഷിക്കാനല്ല സിബിഐ അന്വേഷണത്തെ എതിർത്തത്. പൊലീസിനെതിരെ പരാമർശമുണ്ടായപ്പോൾ അതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഗുണ്ടകളുടെ തണലിലല്ല സിപിഎം പ്രവർത്തിക്കുന്നതെന്നും കുറ്റം ചെയ്തവർ ആരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.