നിയമ പോരാട്ടം നടത്തുമെന്ന്

Saturday 04 March 2023 12:37 AM IST

പാലക്കാട്: അളന്ന നെല്ലിന്റെ പണമാവശ്യപ്പെട്ട് കേരള ബാങ്കിലെത്തിയ കർഷകരോട് തുക ലോണായി നൽകാൻ ഉടമ്പടി ഒപ്പിടണമെന്ന് പറയുന്ന കേരള ബാങ്കിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് നിയമ സഹായ വേദി പ്രസിഡന്റ് ജി.ശിവരാജൻ പറഞ്ഞു.

പി.ആർ.എസ് വായ്പയെന്ന ഉടമ്പടിയിൽ ഒപ്പിടുന്നവർക്കാണ് നിലവിൽ പണം നൽകുന്നത്. ഒപ്പിടുന്ന തിയതി മുതൽ ഒരു വർഷത്തിനകം തുക സപ്ലൈകോ തിരിച്ചടച്ചില്ലെങ്കിൽ കർഷകൻ തുകയും പലിശയും തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കിൽ കർഷകന്റെ സ്വത്ത് ജപ്തി ചെയ്യുമെന്ന കരാർ വ്യവസ്ഥ അന്നം തരുന്ന കർഷകനെ സാമൂഹികമായും മാനസികമായും തരംതാഴ്ത്തുന്ന നടപടിയാണ്. വിഷയം സംബന്ധിച്ച് രേഖാമൂലം പരാതി നൽകാനെത്തിയ മലമ്പുഴ തൂപ്പള്ളം കൃഷ്ണനെന്ന കർഷകനെ പരാതി വാങ്ങാതെ തിരിച്ചയച്ച നടപടി പ്രതിഷേധാർഹമാണ്. വിഷയം ബാങ്കിംഗ് ഓംബുഡ്സ്മാന്റെ ശ്രദ്ധയിലെത്തിക്കും. കർഷകനെ കടക്കാരനാക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ കോടതിയെയും റിസർവ് ബാങ്കിനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.