കുറവൻപാടി അങ്കണവാടി ഇനി തുറക്കുമോ..?

Saturday 04 March 2023 12:12 AM IST
കുറവൻപാടി അങ്കണവാടി അടച്ചുപൂട്ടിയ നിലയിൽ.

അഗളി: ബലക്ഷയം മൂലം ഷൊളയൂർ താഴെ കുറവൻപാടി അങ്കണവാടി പൂട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. നാലുവർഷം മുമ്പ് രണ്ടര ലക്ഷം ചെലവിൽ കെട്ടിടം പുനരുദ്ധരിച്ചിരുന്നെങ്കിലും വിള്ളൽ വീണതോടെയാണ് സുരക്ഷാ കാരണങ്ങളാണ് അങ്കണവാടിക്ക് താഴുവീണത്.

കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ശിരുവാണി പുഴയാണ്. ഇവിടെ കരിങ്കല്ലുകൊണ്ട് കെട്ടിയുയർത്തി കോൺക്രീറ്റ് തൂണുകളും സുരക്ഷാ മതിലും നിർമ്മിച്ചിട്ടുണ്ട്. അങ്കണവാടിക്കാവശ്യമായ വെള്ളം പുഴയിൽ നിന്ന് മോട്ടോർ സ്ഥാപിച്ച് എടുക്കാമെന്നിരിക്കെ മുമ്പിൽ കുഴൽക്കിണർ നിർമ്മിച്ചതും ഇരുമ്പ് തൂണുകളോടെ മേൽക്കൂര സ്ഥാപിച്ചതും കെട്ടിടത്തിന് വിള്ളലുണ്ടാകാൻ കാരണമായതായി പ്രദേശവാസികൾ പറയുന്നു.

താഴെ കുറവൻപാടിയിൽ സുരക്ഷിത കെട്ടിടം കണ്ടെത്തി അങ്കണവാടി പ്രവർത്തനം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. ഇതിനായി കളക്ടർ അടക്കമുള്ളവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

അങ്കണവാടി പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട സ്ഥിതിയാണ്. രണ്ടുമാസമായി ശമ്പളം പോലുമില്ലാതെ വാടക വീട്ടിൽ കഴിയുകയാണ്. ഹെൽപ്പറെ മറ്റൊരിടത്തേക്ക് മാറ്റി. ഇതുപോലെ പുതിയ നിയമനം ലഭിക്കുകയോ അങ്കണവാടി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുകയോ വേണം.

-സുമതി, അങ്കണവാടി ജീവനക്കാരി.

കെട്ടിടം പുനർനിർമ്മിക്കുകയോ മറ്റൊരു കെട്ടിടം കണ്ടെത്തുകയോ വേണം. പഞ്ചായത്ത് ചെലവിൽ നിർമ്മിച്ച എ.ഡി.എസിന്റെ കെട്ടിടം നിലവിൽ സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുകയാണ്. ഇത് അങ്കണവാടിക്കായി ഉപയോഗിക്കണം. പഞ്ചായത്ത് വിഷയത്തിൽ ഇടപെടണം.

-സിനോ സണ്ണി, പ്രദേശവാസി.

അനുയോജ്യമായ കെട്ടിടം ലഭിച്ചാലുടൻ പ്രശ്നങ്ങൾ പരിഹരിക്കും. ഇതിനുള്ള ശ്രമം നടക്കുന്നുണ്ട്.

-ജയന്തി, സി.ഡി.പി.ഒ, ഐ.സി.ഡി.എസ്.