റെയിൽവേ സ്റ്റേഷൻ വികസനം: ടെൻഡർ നടപടികളിലേക്ക്

Saturday 04 March 2023 12:31 AM IST
rly

@മെഡി.കോളേജ് ടിക്കറ്റ് റിസർവേഷൻ കൗണ്ടർ നിലനിർത്തുമെന്ന് റെയിൽവേ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ മാസ്റ്റർപ്ലാൻ പൂർത്തിയായതായും ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും റെയിൽവേ. മെഡിക്കൽ കോളേജിന് സമീപത്തായി പ്രവർത്തിക്കുന്ന റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടില്ലെന്നും സതേൺ റെയിൽവേ ജനറൽ മാനേജർ പാലക്കാട് ഡിവിഷനിലെ എം.പിമാരുമായി ചൊവ്വാഴ്ച പാലക്കാട് വെച്ച് നടത്തിയ യോഗത്തിൽ വിഷയം ഉന്നയിച്ച എം.കെ രാഘവൻ എം.പിയെ ഇക്കാര്യം അറിയിച്ചത്.

കൗണ്ടറിന്റെ പ്രവർത്തനം തുടർച്ചയായി തടസപ്പെടുന്നതിനെ തുടർന്ന് വിഷയം എം.പി റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൗണ്ടറിന്റെ പരിപാലന ചെലവ് ഏറ്റെടുക്കാൻ സാധിക്കില്ലെന്ന കാര്യം കാണിച്ച് മാർച്ച് മാസത്തോടെ കൗണ്ടർ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുമെന്ന അഭ്യൂഹം പരന്നതോടുകൂടിയാണ് ജനറൽ മാനേജർ എം.പിമാരുമായി നടത്തുന്ന യോഗത്തിൽ എം.കെ രാഘവൻ എം.പി ഇക്കാര്യം ഉന്നയിച്ചത്. പ്രവർത്തനം നിലച്ചിരുന്നെങ്കിൽ അത് ബാധിക്കുക കൺസെഷനോട് കൂടി ടിക്കറ്റ് എടുക്കുന്ന മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള രോഗികൾ ഉൾപ്പെടുള്ളവരെയുള്ളവരെയാണ്.

16512/11 ബാംഗ്ലൂർകണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട് വരെ നീട്ടുക, മംഗലാപുരം-മധുര രാമേശ്വരം സർവീസ്, കടലുണ്ടി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഉയർത്തുന്നതിനുള്ള നിർദ്ദേശം എന്നിവ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്നും യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.എലത്തൂർ, വെസ്റ്റ് ഹിൽ, കല്ലായി സ്റ്റേഷനുകളിലെ അടിസ്ഥാന വികസനത്തിനായുള്ള നിർദ്ദേശം 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ അനുവദിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്നും എം.പി യെ അറിയിച്ചു. ഫറോക്ക് സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം റൂഫിംഗിനായുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേ അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തി യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു.

വളരെ തിരക്കേറിയ കോഴിക്കോട് നഗരത്തിലെ അമലാപുരിക്ക് സമീപം ആർ.ഒ.ബി നിർമ്മിക്കുന്നതിനായി റെയിൽവേ തയ്യാറായിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ തുടർ നടപടികൾ സ്വീകരിക്കാത്തതിനാൽ 2019-20 സമ്പത്തിക വർഷം റെയിൽവേ ഈ പദ്ധതി ഉപേക്ഷിച്ചതായും വ്യക്തമാക്കി. മണ്ണൂർ റെയിൽവേ ഗേറ്റിന്റെ സ്ഥാനത്ത് റെയിൽവേ ഡെപ്പോസിറ്റ് വർക്കായി മേൽപാത നിർമ്മിക്കാൻ റെയിൽവേ സന്നദ്ധമാണെന്നും വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാർ അനുകൂലമായാൽ മേൽപാത യാഥാർത്ഥ്യമാവും.

എലത്തൂർ യാഡ് ഗേറ്റിൽ ലെവൽ ക്രോസ് അടക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് എം.പി വിഷയത്തിൽ ഇടപെട്ടതിനാൽ അടക്കാനുള്ള തീരുമാനം താത്കാലികമായി നടപ്പിലാക്കാതെ വെച്ചിരിക്കുകയാണെന്നും യോഗത്തിൽ റെയിൽവേ വ്യക്തമാക്കി. കോഴിക്കോട് നിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള മെമു ഉൾപ്പെടെയുള്ള കണക്ടിവിറ്റി വിപുലീകരിക്കുന്ന വിഷയവും യോഗത്തിൽ ചർച്ചയായി.