ആനവണ്ടിയിൽ നഗരം ചുറ്റി ഭിന്നശേഷി വിദ്യാർത്ഥികൾ

Saturday 04 March 2023 12:09 AM IST

കോഴിക്കോട്: കൗതുകത്തോടെയും ആവേശത്തോടെയും അവർ പ്ലാനറ്റോറിയത്തിലെ കാഴ്ചകൾ മനം നിറയെ കണ്ടു. എല്ലാം മറന്ന് പാർക്കിൽ കളിച്ചും രസിച്ചും സമയം ചെലവഴിച്ചു. ഉല്ലാസയാത്രയുടെ രസവും ബീച്ചിലെ കാറ്റുമെല്ലാം ആവോളം ആസ്വാദിച്ച് അമ്മമാർക്കും അദ്ധ്യാപകർക്കുമൊപ്പം അവർ മടങ്ങി.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര കൗതുകമായി. ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള റോഷി സ്കൂളിലെ 60ഓളം വിദ്യാർത്ഥികളും മാതാപിതാക്കളുമാണ് ആനവണ്ടിയിൽ നഗരം ചുറ്റാനെത്തിയത്. കോഴിക്കോട് കെഎസ്.ആർ.ടി.സി ഡിപ്പോയിൽ അസിസ്റ്റന്റ് കളക്ടർ സമീർ കിഷൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ നേതൃത്വം നൽകി. കെ.എസ്.ആർ. ടി. സി. ഡി ടി ഒ പ്രശോഭ്, കെ.എസ്.ആർ. ടി. സി ജില്ലാ കോർഡിനേറ്റർ ബിന്ദു, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ പി.സിക്കന്തർ തുടങ്ങിയവർ പങ്കെടുത്തു.