സത്യവാങ്മൂലം നൽകാൻ നിർദ്ദേശം

Saturday 04 March 2023 1:16 AM IST
വാട്ടർ അതോറി​ട്ടി​

കൊച്ചി: പശ്ചിമകൊച്ചിയിലും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും തൃക്കാക്കര നഗരസഭയിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന ഹർജിയിൽ ഈ മേഖലകളിലെ ജലവിതരണം സുഗമമാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി വാട്ടർ അതോറിട്ടി​ സത്യവാങ്മൂലം നല്കാൻ ഹൈക്കോടതി നിർദേശിച്ചു. എറണാകുളം നഗരസഭാ മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം നല്കിയ ഹർജിയിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ്.സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നല്കിയത്. ഹർജി ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചെന്നും ജലവിതരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തിയെന്നും വാട്ടർ അതോറിട്ടി​ വിശദീകരിച്ചു. തുടർന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നല്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. പാഴൂർ ട്രീറ്റ്‌മെന്റ് പ്ളാന്റിലെ തകരാറാണ് കുടിവെള്ളക്ഷാമത്തിനു കാരണമെന്നു ഹർജിക്കാരൻ ആരോപിച്ചിരുന്നു.