മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി: മുഖ്യമന്ത്രി

Saturday 04 March 2023 12:37 AM IST

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളോ‌ട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന ന‌‌ടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്നത് ഗുരുതര വീഴ്‌ചയും അച്ച‌ടക്ക ലംഘനവുമായി കണക്കാക്കും. ഇതുസംബന്ധിച്ച് പരാതി ലഭിച്ചാൽ മേലധികാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന ന‌ടപ‌ടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകളിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പരിധി നിശ്ചയിച്ച് സേവനാവകാശ നിയമം നടപ്പാക്കിയി‌ട്ടുണ്ട്. തപാൽ സ്വീകരിച്ച് കഴിഞ്ഞാൽ അഞ്ച് ദിവസത്തിനകം പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് മാന്വലിലും മാന്വൽ ഓഫ് ഓഫീസ് പ്രൊസീഡിയറിലും വ്യവസ്ഥയുണ്ട്.

പീഡന വെളിപ്പെടുത്തൽ

അന്വേഷിക്കും

താനും സ്‌കൂളിലെ മറ്റ് പെൺകുട്ടികളും പീഡനത്തിന് ഇരയായതായി 14 വയസുളള പെൺകുട്ടി സ്വകാര്യ ചാനലിൽ നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണോയെന്ന് അന്വേഷണം നടക്കുന്നതായി പി.വി.അൻവറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. പെൺകുട്ടിയെ ഉപയോഗിച്ച് ഇത്തരത്തിൽ വ്യാജ വാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ പോക്‌സോ ആക്‌ട് ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി വെളിപ്പെടുത്തിയാലും, ഇക്കാര്യം പൊലീസിൽ അറിയിക്കാതിരുന്നത് പോക്‌സോ ആക്‌ട് പ്രകാരം കുറ്റകരമാണ്.