ബി.ജെ.പിക്ക് ഇടം കൊടുക്കാൻ സി.പി.എം ശ്രമം:വി.ഡി.സതീശൻ

Saturday 04 March 2023 12:00 AM IST

തിരുവനന്തപുരം: പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനായി സി.പി.എം കേരളത്തിൽ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു.

കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ കഴമ്പില്ലെന്നും കേരളത്തിൽ ബി.ജെ.പിക്ക് ഒരു സ്ഥാനവുമില്ലെന്നുംസതീശൻ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷൻ കോഴക്കേസിലും അന്വേഷണം മുന്നോട്ട് പോകാത്തത്. ലൈഫ് മിഷനിൽ കള്ളപ്പണം വെളുപ്പിക്കൽ മാത്രമേ ഇ.ഡിക്ക് അന്വേഷിക്കാനാവൂ. കോഴ ആർക്കൊക്കെ കിട്ടിയെന്നും ആരൊക്കെ ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷിക്കേണ്ടത്. അത് സി.ബി.ഐക്ക് മാത്രമേ അന്വേഷിക്കാനാവൂ. സി.ബി.ഐ അന്വേഷണം പാടില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. എന്നിട്ടും മൂന്ന് വർഷമായി സി.ബി.ഐ ഒരന്വേഷണവും നടത്തുന്നില്ല.

സ്വർണക്കടത്ത്, ലൈഫ് മിഷൻ, ലാവ് ലിൻ കേസുകളിൽ സി.പി.എം ബി.ജെ.പിയുമായി ധാരണയിൽ എത്തിയിരിക്കുകയാണ്. അതിന് പകരമായി കൊടകര കുഴൽപ്പണക്കേസ് ഒത്തുതീർപ്പാക്കി. എല്ലാ തെളിവുകളുമുണ്ടായിട്ടും ഒരു ബി.ജെ.പി നേതാവുപോലും പ്രതിയായില്ല. അവർ പ്രതികളായാൽ പല സി.പി.എമ്മുകാരും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിലും പ്രതികളാകും. ഈ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ബി.ജെ.പിക്ക് കേരളത്തിൽ ഇടമുണ്ടാക്കിക്കൊടുക്കാൻ സി.പി.എം ശ്രമിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസും യു.ഡി.എഫും ബി.ജെ.പിയെ കേരളത്തിൽ കാലു കുത്താനനുവദിക്കില്ല.