കൊങ്ങൻപട രണോത്സവത്തിന് കൊടിയേറി

Saturday 04 March 2023 12:41 AM IST
കൊങ്ങൻപട രണോത്സവത്തിന്റെ ഭാഗമായി ചിറ്റൂർ പഴയന്നൂർ കാവിൽ നടന്ന കൊടിയേറ്റം

ചിറ്റൂർ: കൊങ്ങൻപട രണോത്സവത്തിന് ഇന്നലെ രാവിലെ എട്ടിന് ദേശക്കാർ പഴയന്നൂർ കാവിൽ കൊടിയേറ്റി. തുടർന്ന് കുമ്മാട്ടി കുട്ടികളെ നീരാടാനയച്ചു. വൈകിട്ട് പടപ്പുറപ്പാട് നടന്നു. ദേവി ചമ്പത്ത് രാജാവിന്റെ കൊട്ടാരത്തിൽ നിന്ന് ആടയാഭരണങ്ങൾ അണിഞ്ഞ് നാന്തുകവും പടയാളികളുമായി ഭഗവതി കുളത്തിന് സമീപമെത്തിയപ്പോൾ പ്രദേശം ജനസാന്ദ്രമായി. നാഗത്തറയിൽ നിന്ന് കൊങ്ങനെ വധിച്ച അരിമന്ദത്ത് കാവിലേക്കായിരുന്നു പടപ്പുറപ്പാട്. യുദ്ധസ്മരണ ഉയർത്തിയുള്ള യാത്രയിൽ തീവെട്ടികൾ നിരന്നു. പെരുമ്പറ മുഴങ്ങി. ആർപ്പുവിളികൾ ഉയർന്നു.

തട്ടകത്തെ ഇളക്കിമറിച്ചുള്ള പുറപ്പാടിൽ പ്രമാണക്കാരും ദേശക്കാരും അണിയായി അരിമന്ദത്തു കാവിൽ എത്തിയപ്പോൾ യുദ്ധ പ്രതീതി പരന്നു. പുലർച്ചെ മൂന്നിന് ചിറ്റൂർ കാവിലേക്ക് എഴുന്നള്ളത്ത് നടന്നു.