ആവേശമായി സി.പി.എം പ്രതിരോധ ജാഥ

Saturday 04 March 2023 12:45 AM IST

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ജില്ലയിൽ രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി. സ്വീകരണം നൽകിയ 11 കേന്ദ്രങ്ങളിലും വൻ വരവേൽപ്പാണ് അണികളും പ്രാദേശിയ നേതൃത്വങ്ങളും ജാഥയ്ക്ക് നൽകിയത്.

ഇന്നലെ രാവിലെ മലമ്പുഴ,​ പാലക്കാട് മണ്ഡലങ്ങളിലെ സംയുക്ത സ്വീകരണം ചന്ദ്രനഗറിൽ നടന്നു. മുത്തുക്കുടകളും കഥകളി വേഷവും പഞ്ചവാദ്യവും ബാൻഡ് മേളവും കളരിപ്പയറ്റും ജാഥയ്ക്ക് അകമ്പടിയേകി. കൽമണ്ഡപം ബൈപ്പാസിൽ നിന്ന് പാർവതി കല്യാണ മണ്ഡപത്തിലെ സ്വീകരണ വേദിയിലേക്ക് തുറന്ന ജീപ്പിൽ ജാഥാ ക്യാപ്‌റ്റനെ ആനയിച്ചു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനായി.

കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.രാജേന്ദ്രൻ, എൻ.എൻ.കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗിരിജ സുരേന്ദ്രൻ, നിതിൻ കണിച്ചേരി, കെ.ബിനുമോൾ, ടി.കെ.നൗഷാദ്,​ ടി.എൻ.കണ്ടമുത്തൻ,​ വി.കെ.ജയപ്രകാശ്,​ പുതുശേരി ഏരിയ സെക്രട്ടറി എസ്.സുഭാഷ് ചന്ദ്രബോസ്,​ പാലക്കാട് ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി സംസാരിച്ചു.