ഡയറക്‌ടറില്ലാതെ കൊച്ചി കാൻസർ സെന്റർ : 358 തസ്‌തികകളുടെ അംഗീകാരവും നീളുന്നു

Saturday 04 March 2023 12:50 AM IST

കൊച്ചി: മദ്ധ്യകേരളത്തിലെ രോഗികൾക്ക് ആശ്രയമായ കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ സ്വന്തം മന്ദിരത്തിൽ ഒക്ടോബറിൽ ചികിത്സ ആരംഭിക്കാനിരിക്കെ ഡയറക്ടർ നിയമനവും 358 തസ്തികകൾക്ക് സർക്കാർ അനുമതിയും വൈകുന്നു.

സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് 2012 മാർച്ചിൽ രാജിവച്ച ഒഴിവിലേക്ക് കഴിഞ്ഞ ജൂണിൽ മലബാർ കാൻസർ അപേക്ഷ ക്ഷണിച്ച് ചുരുക്കപ്പട്ടിക സർക്കാരിന് കൈമാറി. പരാതികൾ ഉയർന്നതോടെ അഭിമുഖം നടത്തിയില്ല. വീണ്ടും അപേക്ഷ ക്ഷണിക്കാൻ മലബാർ സെന്ററിനെ ചുമതലപ്പെടുത്തി. നിയമനം എന്ന് നടക്കുമെന്ന് വ്യക്തമല്ല.

100 കിടക്കകളും റേഡിയേഷൻ സൗകര്യവുമായി തുടങ്ങി,​ ഏഴുവർഷം കൊണ്ട് പൂർണ സജ്ജമാകുമ്പോൾ 370 പേർക്ക് കിടത്തിച്ചികിത്സ ലഭ്യമാകേണ്ട സെന്ററാണിത്. ഡയറക്ടർ ഇല്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

വേണം തസ്തികകൾ

പുതിയ കെട്ടിടം തയ്യാറാകുമ്പോൾ 358 തസ്തികകൾ സൃഷ്ടിച്ച് നിയമിക്കാൻ സർക്കാർ അനുമതി വേണം. നിലവിൽ 72 ജീവനക്കാരുണ്ട്. ഏഴു കൺസൾട്ടന്റ് ഡോക്ടർമാരും മൂന്ന് ജൂനിയർ ഡോക്ടർമാരുമുണ്ട്. സ്വകാര്യ ആശുപത്രികൾ വൻശമ്പളം നൽകുന്നതിനാൽ മികച്ച ഡോക്ടർമാരെ കിട്ടാനും ബുദ്ധിമുട്ടുണ്ട്.

ഏഴാം വർഷവും ബാലാരിഷ്ടത

2016 നവംബർ ഒന്നിന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിലാണ് സെന്റർ തുടങ്ങിയത്. സ്വന്തം കെട്ടിടനിർമ്മാണം 2018ൽ തുടങ്ങി. ആദ്യ കരാറുകാരെ പണി വൈകിപ്പിച്ചതിന് നീക്കി. രണ്ടാം കരാറുകാർ 90 ശതമാനം പൂർത്തിയായി. നിർമ്മാണച്ചുമതലയുള്ള ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ.ഇ. ഇളങ്കോവൻ കഴിഞ്ഞദിവസം പുരോഗതി വിലയിരുത്തി. ഒക്ടോബറിൽ ആദ്യഘട്ടം ആരംഭിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

100 കിടക്കകൾ, നാല് തിയേറ്ററുകൾ, മൂന്ന് റേഡിയോ തെറാപ്പി യൂണിറ്റുകൾ, ട്യൂമർ സ്‌കാനർ, എം.ആർ.ഐ സ്‌കാൻ, സി.ടി സ്‌കാൻ, രക്തബാങ്ക്, മൈക്രോബയോളജി യൂണിറ്റ്, അനസ്തേഷ്യ ഉപകരണങ്ങൾ എന്നിവ ഒരുക്കുമെന്ന് സെന്റർ സൂപ്രണ്ട് ഡോ.പി.ജി. ബാലഗോപാൽ കേരളകൗമുദി യോട് പറഞ്ഞു.

പുതിയ കെട്ടിടം

വിസ്തൃതി 6.36 ലക്ഷം ചതുരശ്ര അടി

നിലകൾ 9

കിടക്കകൾ 370

ഓപ്പറേഷൻ തിയേറ്റർ 12

Advertisement
Advertisement