അവയവമാറ്റത്തിനായി കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് : മന്ത്രി വീണാജോർജ്

Saturday 04 March 2023 12:56 AM IST

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കുന്നതിനായി മാത്രം കോഴിക്കോട് കേന്ദ്രമായി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നതായി മന്ത്രി വീണാജോർജ് നിയമസഭയിൽ അറിയിച്ചു. ഇവിടെ അവയവ മാറ്റത്തിന് മുമ്പും ശേഷവുമുള്ള ചികിത്സകൾ ലഭ്യമാക്കും. എ.പി. അനിൽകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉടൻ തന്നെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കും. അവയവദാനത്തിനുള്ള നടപടികൾ പരമാവധി ലഘൂകരിക്കുന്നതിനാണ് ശ്രമിക്കുന്നത്. അടുത്തിടെ മരണമടഞ്ഞ ചലച്ചിത്ര താരം സുബി സുരേഷിന് അവയവമാറ്റത്തിനുള്ള അപേക്ഷ ലഭിച്ചപ്പോൾ തന്നെ അനുമതി ലഭ്യമാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ അവർ മരണമടയുകയായിരുന്നു. ബന്ധുക്കൾ തമ്മിലുള്ള അവയവകൈമാറ്റത്തിന് സങ്കീർണ്ണതകളില്ല. ആശുപത്രികൾ നിയോഗിച്ചിട്ടുള്ള മെഡിക്കൽ ബോർഡിന് അംഗീകാരം നൽകാം. എന്നാൽ, ബന്ധുക്കളല്ലാത്തവരുടെ അവയവകൈമാറ്റത്തിനുള്ള ചില സങ്കീർണ്ണതകളുള്ളത് ഈ മേഖലയിലെ വാണിജ്യ ഇടപാടുകൾ തടയുന്നതിനാണ്. അവയും പരമാവധി ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. ജീവകാരുണ്യപരമായ അവയവകൈമാറ്റത്തിന് തടസ്സമില്ലെന്നും മന്ത്രി വിശദീകരിച്ചു.