പ്രതിപക്ഷ നേതാക്കളുടെ കരുതൽ തടങ്കൽ ശ്രദ്ധയിൽപെട്ടിട്ടില്ല: മുഖ്യമന്ത്രി

Saturday 04 March 2023 12:03 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളിലെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊലീസ് നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലേയെന്ന കെ.കെ.രമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറുന്ന സാഹചര്യം ഒഴിവാക്കാനും സമരക്കാരുടെ സുരക്ഷാ മുൻകരുതൽ എന്ന നിലയിലുമാണ് 151 ക്രിമിനൽ പ്രൊസിജിയർ പ്രകാരം പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഒന്നുംതന്നെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു

വടക്കാഞ്ചേരി ലൈഫ്‌മിഷൻ അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിനോടകം തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ 45 പേരെ ചോദ്യം ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു. എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട ചില അസൽ രേഖകൾ സി.ബി.ഐ പി‌ടിച്ചെടുത്തതിനാൽ അതിന്റെ പകർപ്പ് ലഭിക്കുന്നതിന് കോടതിയിൽ വിജിലൻസ് അപേക്ഷ നൽകിയിട്ടുണ്ട്. കേസന്വേഷണം പൂർത്തിയാക്കുന്നതിന് ഈ രേഖകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധി ബോർഡിന് തുക തിരികെ ലഭിച്ചു

പ്രവാസി ക്ഷേമനിധി ബോർഡിൽ പെൻഷൻ അക്കൗണ്ടുകൾ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബോർ‍ഡിന് നഷ്‌ടം വന്ന തുകയിൽ 78 ശതമാനം തിരികെ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനർഹമായി പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവരിൽ നിന്നും തുക തിരികെ ഈടാക്കി വരുന്നുണ്ട്. 18,49,394 രൂപ തിരിച്ചടച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു. ഇവരെ അറസ്റ്റ് ചെയ്‌ത് പൊലീസ് അന്വേഷണം നടന്നുവരികയാണ്. ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാൻ സോഫ്‌റ്റ്‌വെയർ സുരക്ഷ കൂട്ടാൻ കെൽട്രോണിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സോഫ്‌റ്റ്‌വെയർ ഓഡിറ്റ് നടത്തി സുരക്ഷാസർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement
Advertisement