ഹിന്ദുസ്ഥാൻ പെട്രോളിയം ഉത്‌പന്നങ്ങൾ ഖത്തറിലും
ദോഹ: ഖത്തർ-ഇന്ത്യ വ്യവസായ, വാണിജ്യസഹകരണത്തിൽ പുതിയ നാഴികക്കല്ലുമായി ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) ഉത്‌പന്നങ്ങൾ ഖത്തറിൽ പുറത്തിറക്കി. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ലോഞ്ചിംഗ് നിർവഹിച്ചു. ഓട്ടോമോട്ടീവ് ആൻഡ് ലൂബ്രിക്കന്റ് ഉത്‌പന്നങ്ങളാണ് എച്ച്.പി.സി.എൽ ഖത്തറിലെത്തിക്കുന്നത്.
മലയാളിയായ ജെ.കെ.മേനോൻ ചെയർമാനായ ഖത്തർ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ എ.ബി.എൻ കോർപ്പറേഷനുമായി സഹകരിച്ചാണ് എച്ച്.പി.സി.എല്ലിന്റെ പുതിയ ചുവടുവയ്പ്പ്. ഖത്തർ, യു.എ.ഇ., കുവൈറ്റ്, ഇന്ത്യ, ആഫ്രിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമുള്ള സ്ഥാപനമാണ് എ.ബി.എൻ കോർപ്പറേഷൻ.
ഖത്തറും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി വ്യാപാരത്തിൽ പുതിയ കുതിപ്പേകാൻ എച്ച്.പി.സി.എല്ലും എ.ബി.എൻ കോർപ്പറേനുമായുള്ള സഹകരണം കരുത്താകുമെന്ന് ജെ.കെ.മേനോൻ പറഞ്ഞു.
ജെ.കെ.മേനോന്റെ പിതാവും പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ പരേതനായ അഡ്വ.സി.കെ.മേനോനും ഖത്തറിലെ പ്രമുഖ വ്യവസായി അലി ബിൻ നാസർ അൽ മിസ്‌നാദുമായി ചേർന്ന് സ്ഥാപിച്ച എ.ബി.എൻ ഗ്രൂപ്പിന്റെ ഭാഗമാണ് എ.ബി.എൻ കോർപ്പറേഷൻ. ഇന്ത്യയും ഖത്തറും തമ്മിലെ ബന്ധത്തിന് കൂടുതൽ ഊർജം പകരുന്നതാണ് എച്ച്.പി.സി.എൽ-എ.ബി.എൻ സഹകരണമെന്ന് അംബാസഡർ ഡോ.ദീപക് മിത്തൽ പറഞ്ഞു.
എ.ബി.എൻ കോർപ്പറേഷനുമായി സഹകരിച്ച് കൂടുതൽ രാജ്യങ്ങളിൽ ഉത്‌പന്നങ്ങൾ പുറത്തിറക്കുമെന്ന് എച്ച്.പി.സി.എൽ ല്യൂബ്‌സ് സെയിൽസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ സജയ് കുമാർ അഗർവാൾ പറഞ്ഞു. എച്ച്.പി.സി.എൽ സെയിൽസ് ഡെപ്യൂട്ടി ജനറൽ മാനേജർ അജയ് സിംഗ്, എ.ബി.എൻ കോർപ്പറേഷൻ-ബെഹ്സാദ് ഗ്രൂപ്പ് ഡയറക്‌ടർമാർ, ഖത്തറിലെ രാജകുടുംബാംഗങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.