വേനൽക്കാലം: സിയാലിൽ നിന്ന് 1484 പ്രതിവാര സർവീസുകൾ

Saturday 04 March 2023 2:10 AM IST

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വേനൽക്കാല സമയക്രമമനുസരിച്ചുള്ള സർവീസുകൾക്ക് ഈമാസം 26ന് തുടക്കമാകും. ഒക്‌ടോബർ 26വരെ നീളുന്ന സമയക്രമത്തിൽ രാജ്യാന്തരതലത്തിലെ 332 ഉൾപ്പെടെ 1,484 പ്രതിവാര സർവീസുകളുണ്ടാകും.

അബുദാബിയിലേക്കാണ് ഏറ്റവുമധികം സർവീസ്; 51. ദുബായിയാണ് രണ്ടാമത്; 45 സർവീസുകൾ. 63 സർവീസുകളുമായി ഇൻഡിഗോയാണ് രാജ്യാന്തര സർവീസുകളിൽ മുന്നിൽ. എയർഇന്ത്യ എക്‌സ്‌പ്രസ്,​ സ്‌പൈസ് ജെറ്റ്,​ എയർ അറേബ്യ അബുദാബി,​ എയർ ഏഷ്യ ബർഹാദ്,​ എമിറേറ്റ്‌സ് എയർ,​ എത്തിഹാദ്,​ ഒമാൻ എയർ,​ സൗദി അറേബ്യൻ,​ സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയവയ്ക്കും കൊച്ചിയിൽ നിന്ന് രാജ്യാന്തര സർവീസുകളുണ്ട്.

എയർ അറേബ്യ അബുദാബി ആഴ്ചയിൽ 10 സർവീസുകളും എയർ ഏഷ്യ ബർഹാദ് ക്വാലാലംപൂരിലേക്ക് പ്രതിദിനം അഞ്ച് സർവീസുകളും അധികമായി ആരംഭിക്കും. സ്‌പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും ഇൻഡിഗോ ദമാമിലേക്കും ബഹ്‌റൈനിലേക്കും അധിക സർവീസുകൾ നടത്തും. ഇൻഡിഗോയുടെ കൊച്ചി - റാസൽഖൈമ സർവീസ് പുതിയ സർവീസാണ്. എയർ ഇന്ത്യയുടെ യു.കെ വിമാന സർവീസ് ഹീത്രൂവിന് പകരം ലണ്ടനിലേക്ക് (ഗാറ്റ്‌വിക്ക്) മാറ്റി.

ആഭ്യന്തര സർവീസ്:

കൂടുതൽ ബംഗളൂരുവിലേക്ക്

ഏറ്റവുമധികം ആഭ്യന്തര പ്രതിവാര സർവീസ് ബംഗളൂരുവിലേക്കാണ്; 131.

മുംബയ് 73, ഡൽഹി 64, ഹൈദരാബാദ് 55, ചെന്നൈ 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 എന്നിങ്ങനെ സർവീസുകളുണ്ടാകുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

Advertisement
Advertisement