ഫോക്സ്കോൺ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു

Saturday 04 March 2023 3:14 AM IST

ബംഗളൂരു: ആപ്പിളിന്റെ പാ‍‍ർട്ണറായ ഫോക്സ്കോൺ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു. ചൈനയിൽ നിക്ഷേപം നടത്തുന്നതിന് പകരമായി ഇന്ത്യയിൽ 700 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഫോക്സ്കോൺ പദ്ധതിയിടുന്നത്. ക‍ർണാടകയിൽ പുതിയ പ്ലാന്റ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വലിയ നിക്ഷേപം നടത്താൻ ആണ് തായ് വാനീസ് ഇലക്ട്രോണിക്സ് കോൺട്രാക്ട് മാനുഫാക്ചറായ ഫോക്സ്കോൺ തീരുമാനിച്ചിരിക്കുന്നത്.

ബംഗളൂരു എയ‍ർപോർട്ടിന് സമീപം ആരംഭിക്കുന്ന പ്ലാന്റിൽ ഐഫോൺ ഡിവൈസ് നിർമാണവും അസംബ്ലിങ്ങുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഐഫോൺ നിർ‌മാണത്തിന് കൂടുതലായും ചൈനയെ ആശ്രയിക്കാതിരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് നിക്ഷേപം ഇന്ത്യയിലേക്ക് മാറ്റാൻ ഫോക്സ്കോൺ നീക്കം നടത്തുന്നത്. നിലവിൽ ഉത്പാദനത്തിന്റെ 75 ശതമാനവും ചൈനയിലാണ് കമ്പനി നടത്തുന്നത്.
300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പ്ലാന്റ് നിർമിക്കാൻ ഫോക്സ്കോൺ തീരുമാനിച്ചിരിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖ‍‍ർ പറഞ്ഞു. കർ‌ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും പുതിയ നിക്ഷേപത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവച്ചു. ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭ്യമാകുന്ന പദ്ധതിയാണ് കർണാടകയിൽ വരാൻ പോകുന്നത്.

Advertisement
Advertisement