കളക്ടറുടെ വാഹനം ജപ്തി ചെയ്യാനുള്ള നടപടിക്ക് സ്റ്റേ

Friday 03 March 2023 11:34 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടേതടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. റിംഗ് റോഡ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.

ജപ്തി നടപടികൾ തുടങ്ങിയതോടെ കളക്ടറുടെ വാഹനം അടക്കം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്ന് മാറ്റിയിരുന്നു. 2008 ലാണ് റിംഗ് റോഡിനു സ്ഥലം ഏറ്റടുത്തത്. ഈ ഇനത്തിൽ 3 സെന്റ് സ്ഥലം നൽകിയ ഒരാൾക്ക് നഷ്ടപരിഹാരവും പരിഹാരവും പലിശയും ചേർത്ത് 38 ലക്ഷം രൂപയാണ് കൊടുക്കേണ്ടത്.

പൊതുമരാമത്ത് ' വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ജപ്തി വന്ന സാഹചര്യത്തിൽ വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ സമീപിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.