യുവകർഷകൻ വെട്ടിലായി,. കസ്തുരിമഞ്ഞളിന് കഷ്ടകാലം

Friday 03 March 2023 11:46 PM IST

പത്തനംതിട്ട: കസ്തുരിമഞ്ഞൾ കൃഷിക്കിറങ്ങിയ യുവാവിന് കൈപൊള്ളി. വൻ ഡിമാൻഡായിരിക്കുമെന്ന് കരുതിയാണ് കൃഷി തുടങ്ങിയത്. പക്ഷേ വാങ്ങാൻ ആളില്ല. കുളനട പനച്ചിക്കൽ വീട്ടിൽ വിനീതാണ് വെട്ടിലായത്. 5 വർഷമായി വീടിന് സമീപമുളള ഒരേക്കറിനടുത്ത് വരുന്ന സ്വന്തം കൃഷിയിടത്തിൽ വിനീത് മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. സാധാരണ മഞ്ഞൾ കൂടാതെ ഒരു വർഷമായി കരിമഞ്ഞൾ, മഞ്ഞക്കൂവ, പ്രതിഭ എന്നിവയും കൃഷിചെയ്യുന്നുണ്ട്. ഇതോടൊപ്പം കസ്തൂരിമഞ്ഞൾ കൂടി കൃഷി ചെയ്തതാണ് വിനീതിന് വിനയായത്. സൗന്ദര്യ വർദ്ധക ഉൽപന്നമായ കസ്തൂരിമഞ്ഞളിന് നല്ല വിലകിട്ടുമെന്ന കണക്കുകൂട്ടലിലാണ് കൃഷി ആരംഭിച്ചത്. കിലോയ്ക്ക് 500രൂപ നിരക്കിൽ 10 കിലോ മഞ്ഞളിന്റെ വിത്ത് വാങ്ങിയാണ് നട്ടത്. വിളവായപ്പോൾ വിൽക്കാൻ ആങ്ങാടിക്കടയിലും ആയുർവേദ ആശുപത്രിയിലും ഉൾപ്പടെ സമീപിച്ചെങ്കിലും ഇത്രയധികം കസ്തൂരി മഞ്ഞൾ ആർക്കും വേണ്ടായിരുന്നു. ഇതുമൂലം ഇതുവരെ മഞ്ഞൾ കിളച്ചെടുത്തിട്ടില്ല. വിളവെടുത്താൽ 300 കിലോയോളം ഉണ്ടാകും. പക്ഷേ സാധാരണ മഞ്ഞളിനും മഞ്ഞൾപ്പൊടിക്കും ആവശ്യക്കാരേറെയാണെന്ന് വിനീത് പറഞ്ഞു. കൃഷിസ്ഥലത്തിന് സമീപം പച്ചക്കറിക്കട നടത്തുകയാണ് വിനീത്. മഞ്ഞൾപൊടിച്ച് പായ്ക്കറ്റുകളിലാക്കി ഇവിടെ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവർക്ക് മഞ്ഞൾപ്പൊടി പ്രത്യേകം പായ്ക്കുചെയ്ത് അയച്ചുകൊടുക്കാറുണ്ട്.

-----------------------------

കൃഷിഭവനുമായി ബന്ധപ്പെട്ട് ഇത്തരം കൃഷിരീതി അവലംബിക്കുന്നവർക്ക് സബ്സിഡി ഉൾപ്പടെയുളള സഹായങ്ങൾ ലഭിക്കും. വനീത് കസ്തൂരിമഞ്ഞൾ കൃഷി ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല. കാർഷിക കൂട്ടായ്മകളുമായി ബന്ധപ്പെട്ട് മഞ്ഞൾ വിൽക്കുന്നതിനും തുടർന്നുളളകൃഷികൾക്കും സഹായകരമായ നിലപാട് സ്വീകരിക്കും

ലിനി ജേക്കബ്

കൃഷി ഓഫീസർ

കൃഷിഭവൻ, കുളനട

---------------------------

കഴിഞ്ഞ 5 വർഷമായി ഇത്തരംകൃഷികളിൽ ഏർപ്പെടുന്നു. മഞ്ഞൾ കൂടാതെ ഇഞ്ചി, ഏത്തവാഴ,കപ്പ എന്നിവയും മത്സൃകൃഷിയും നടത്തുന്നുണ്ട്. മുൻപ് മഞ്ഞൾ കൃഷി ചെയ്തപ്പോൾ കൃഷി ഭവനെ അറിയിച്ചിരുന്നു. ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞ് കരമടച്ച രസീതും, ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയും വാങ്ങി. ഒരാനുകൂല്യവും നൽകിയില്ല. ഇതുമൂലം പിന്നീട് കൃഷി നടത്തുന്നത് കൃഷിഭവനിൽ അറിയിച്ചില്ല.

വിനീത്

---------

വാങ്ങാനാളില്ല, വിളവെടുക്കാതെ കിടക്കുന്നത് 300 കിലോയോളം കസ്തൂരി മഞ്ഞൾ