ഗുരുവായൂർ ആനയോട്ടം: ഒറ്റക്കൊമ്പൻ ഗോകുൽ ജേതാവ്

Saturday 04 March 2023 1:27 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ചു നടന്ന ആനയോട്ടത്തിൽ ഒറ്റക്കൊമ്പൻ ഗോകുൽ ജേതാവ്. കൊമ്പൻ ചെന്താമരാക്ഷൻ രണ്ടാമനായി. ക്ഷേത്രത്തിൽ നാഴികമണി മൂന്നടിച്ചതോടെ ക്ഷേത്ര കൊടിമരച്ചുവട്ടിൽ അരിമാവുകൊണ്ട് അലങ്കരിച്ച് നാക്കിലയിട്ടതിന് മുകളിൽ വച്ചിരുന്ന കുടമണികൾ പാരമ്പര്യ അവകാശിയായ കണ്ടിയൂർപട്ടത്ത് നമ്പീശൻ മാതേമ്പാട്ട് നമ്പ്യാർക്കും, നമ്പ്യാർ പാപ്പാന്മാർക്കും കൈമാറി.

പാപ്പാന്മാർ ആനകളുടെ കഴുത്തിൽ കുടമണികളണിയിച്ച ശേഷം മാരാർ ശംഖ്‌ മുഴക്കിയതോടെ ആനയോട്ട മത്സരം ആരംഭിച്ചു.

ഒന്നാമനായി ഓടിയെത്തി ഗോപുരകവാടം കടന്ന് ക്ഷേത്രമതിലകത്ത് പ്രവേശിച്ച ഒറ്റക്കൊമ്പൻ ഗോകുൽ ക്ഷേത്രം ഏഴുതവണ വലംവച്ച് ഗുരുവായൂരപ്പനെ വണങ്ങി.

ഗോകുലിന് ഇനി പത്തുനാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണമാണ്. ഒമ്പതാം ഉത്സവത്തിന് പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ പുറത്തിറങ്ങുമ്പോഴാണ് ഗോകുലിനെയും പുറത്തിറക്കുന്നത്.