ഗൾഫിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി യൂസഫലി

Saturday 04 March 2023 1:30 AM IST

ദുബായ്: മിഡിൽ ഈസ്‌റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒന്നാമനെന്ന പട്ടം ചൂടി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് തയ്യാറാക്കിയ പട്ടികയിൽ ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ.ടി. പഗറാണിയാണ് രണ്ടാംസ്ഥാനത്ത്.

ദുബായ് ഇസ്ളാമിക് ബാങ്ക് സി.ഇ.ഒ അദ്‌നാൻ ചിൽവാൻ,​ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടറും മലയാളിയുമായ അദീബ് അഹമ്മദ്,​ സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സി.ഇ.ഒ സുനിൽ കൗശൽ എന്നിവരാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.

ഗസാൻ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും മലയാളിയുമായ ഡോ. ഷംസീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും ആദ്യ പത്തിലുണ്ട്.

നേട്ടങ്ങളുടെ നെറുകയിൽ യൂസഫലി

ഗൾഫ് വാണിജ്യ,​ വ്യവസായരംഗത്തെ നിർണായകശക്തിയായ അബുദാബി ചേംബറിന്റെ വൈസ് ചെയർമാനുമാണ് യൂസഫലി. യു.എ.ഇയിൽ ഒരു സർക്കാർ സ്ഥാപനത്തിന്റെ ഉന്നതപദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും ഇതുവഴി അദ്ദേഹം നേടി.

യു.എ.ഇയുടെ വാണിജ്യ,​ ജീവകാരുണ്യമേഖലയിലെ സംഭാവനകൾ മാനിച്ച് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അടുത്ത സുഹൃദ്ബന്ധവും യൂസഫലിക്കുണ്ട്.