അച്ഛനെ കാണണം, ചികിത്സ വേണം : മഅ്ദനി സുപ്രീം കോടതിയിൽ

Saturday 04 March 2023 1:31 AM IST

ജാമ്യവ്യവസ്ഥയിൽ ഇളവിന് അപേക്ഷ

ന്യൂഡൽഹി : കിടപ്പുരോഗിയായ അച്‌ഛനെ കാണാനും, കാഴ്‌ച കുറയുന്നതിന് ആയുർവേദ ചികിൽസയ്‌ക്കും കേരളത്തിലേക്ക് പോകാൻ അനുമതി തേടി ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയും പി.ഡി.പി. നേതാവുമായ അബ്‌ദുൾ നാസർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. ബംഗൂളുരു നഗരത്തിന് പുറത്ത് പോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് ആവശ്യം.

81 വയസുളള അച്‌ഛൻ പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്. തനിക്ക് വൃക്ക മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ‌ഡോക്‌ടർമാർ പറയുന്നത്. ഗുരുതരമായ പ്രമേഹം,​ ഹൃദയത്തിന്റെ പ്രശ്‌നങ്ങൾ,​ വിഷാദം,​ നടുവേദന,​ ഓർമ്മക്കുറവ് തുടങ്ങിയവയുണ്ട്. വെളളം കുടിക്കുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ ഭീമമായ വീട്ടുവാടകയും മറ്റ് ചെലവുകളും താങ്ങാൻ കഴിയുന്നില്ല. വീട്ടുതടങ്കലിന് സമാനമാണെന്നും ഹർജിയിൽ അറിയിച്ചു.

നാല് മാസത്തിനകം വിചാരണ തീരുമെന്നാണ് 2014 നവംബർ 14ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് സാക്ഷിവിസ്‌താരം അവസാനിച്ചത്. അഞ്ച് തവണ ജ‌ഡ്‌ജി മാറി. സാക്ഷികളുടെ പുനർവിചാരണ,​ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ മാറ്റങ്ങൾ, കൊവിഡ് തുടങ്ങിയ കാരണങ്ങളാൽ വിചാരണ നീണ്ടു. ഒച്ചിഴയുന്ന പോലെയാണ് അന്തിമ വാദം നടക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ജാമ്യവ്യവസ്ഥയിൽ ഇളവ് വേണം. ബംഗളൂരുവിലെ വിചാരണക്കോടതി എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാം.

അറസ്റ്റിലായിട്ട് പന്ത്രണ്ട് വർഷമായി. എട്ട് വർഷമായി ഉപാധിയോടെയുളള ജാമ്യത്തിൽ ബംഗളൂരുവിൽ തുടരുന്നു. 13 വർഷത്തിനിടെ കേരളത്തിൽ ചെലവഴിച്ചത് 25 ദിവസം മാത്രം. രോഗിയായിരുന്ന അമ്മയെ കാണാനും മകന്റെ വിവാഹത്തിനും സുപ്രീംകോടതി മൂന്നുതവണ ഇളവ് നൽകി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും മഅ്ദനി അറിയിച്ചു.

2014 ജൂലായ് 11നാണ് മഅ്ദനിക്ക് സുപ്രീംകോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

Advertisement
Advertisement