ഉപഭോക്‌തൃ കമ്മിഷൻ നിയമനം തടയാതെ സുപ്രീംകോടതി

Saturday 04 March 2023 1:34 AM IST

ന്യൂഡൽഹി : സംസ്ഥാന ഉപഭോക്‌തൃ കമ്മിഷൻ അംഗങ്ങളെ നിയമിക്കാനുളള നടപടികളുമായി കേരള സ‌ർക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി. നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി രേണു പി. ഗോപാലൻ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമനം തടയണമെന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഉപഭോക്‌തൃ കമ്മീഷനിൽ സീറ്റുകൾ ഒഴിച്ചിടാനാവില്ല. അതേസമയം നിയമനങ്ങൾ സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു.

സെലക്‌ഷൻ കമ്മിറ്റി തയാറാക്കിയ പാനലിൽ ഒന്നാം സ്ഥാനത്തായിരുന്ന തന്നെ ഒഴിവാക്കിയാണ് ആർ. രഞ്ജിത് എന്ന അഭിഭാഷകനെ അംഗമായി നിയമിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ സുൽഫിക്കർ അലി, ലക്ഷ്‌മിശ്രീ പുത്തൻപുരയ്‌ക്കൽ എന്നിവർ മുഖേനയാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.

ഉപഭോക്‌തൃ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഫെബ്രുവരി രണ്ടിന് പുതിയ വിജ്ഞാപനമിറക്കിയ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടു.

കമ്മിഷൻ പ്രസിഡന്റ്,​ മെം‌ബർ ( ഡെക്ക് )​

പത്ത് വ‌ർഷം പരിചയമുള്ള

പ്രൊഫഷണലുകൾ ആവാം

ന്യൂഡൽഹി : സംസ്ഥാന ഉപഭോക്‌തൃ കമ്മിഷനുകളിലെയും ജില്ലാ ഉപഭോക്‌തൃ ഫോറങ്ങളിലെയും പ്രസിഡന്റ്, മെം‌ബർ സ്ഥാനങ്ങളിലേക്ക് പത്ത് വർഷം പരിചയമുളള അഭിഭാഷകർ അടക്കം പ്രൊഫഷനലുകളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഉപഭോക്‌തൃ മേഖലയിലും നിയമത്തിലും പൊതുഭരണത്തിലും പ്രാവീണ്യമുളള ബിരുദധാരികൾക്ക് അപേക്ഷിക്കാമെന്നും ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാന ഉപഭോക്‌തൃ കമ്മീഷനുകളിലെ നിയമനത്തിനുളള മിനിമം യോഗ്യത 20 വർഷവും, ജില്ലാ ഉപഭോക്‌തൃ ഫോറങ്ങളിലെ നിയമനത്തിന് 15 വർഷവുമാക്കി ഉയർത്തിയ കേന്ദ്രസർക്കാർ നടപടി ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ശരിവച്ചാണ് സുപ്രീംകോടതി നിർദേശം. എഴുത്തുപരീക്ഷയുടെയും വൈവയുടെയും കൂടി അടിസ്ഥാനത്തിലാകണം നിയമനം. ഇതിന് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിർദേശിച്ചു.