വരാപ്പുഴ പടക്കശാലയിലെ സ്ഫോടനം: ഒന്നാം പ്രതി പിടിയിൽ

Saturday 04 March 2023 1:35 AM IST

വരാപ്പുഴ: മുട്ടിനകത്ത് ചൊവ്വാഴ്ചയുണ്ടായ പടക്കശാല സ്ഫോടനത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. സ്ഫോടനംനടന്ന ഉടനെ ഒളിവിൽ പോയ ഒന്നാംപ്രതിയും ലൈസൻസിയുമായ വരാപ്പുഴ മുട്ടിനകം ഈരയിൽ ജെൻസനെയാണ് (34) വരാപ്പുഴ പൊലീസ് വടക്കാഞ്ചേരി ഭാഗത്ത് വച്ച് പിടികൂടിയത്. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശത്ത് ഇയാൾക്ക് മറ്റൊരു പടക്കനിർമ്മാണ ശാലയുണ്ട്. മൊബൈൽഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇന്നലെ വൈകിട്ടോടെ പ്രതി പിടിയിലായത്.

സ്ഫോടനവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ഇയാളുടെ സഹോദരൻ ഈരയിൽ ജെയ്സനെ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ മൂത്ത സഹോദരൻ ഈരയിൽ ജാൻസനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇയാൾ അപകടത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പടക്കങ്ങളും വെടിമരുന്നും അനധികൃതമായി സൂക്ഷിക്കാൻ വീട് വാടകയ്ക്കു നൽകിയ കൂരൻവീട്ടിൽ മത്തായിയെ ഇനി പിടികൂടാനുണ്ട്. ഇയാൾ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് വാങ്ങി മുങ്ങുകയായിരുന്നു.

കഴിഞ്ഞ 28ന് വൈകിട്ട് മുട്ടിനകത്തുള്ള അനധികൃത പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. സമീപത്തുള്ള ഇരുന്നൂറോളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടും സംഭവിച്ചു.