കേന്ദ്രം വികസനം തടയുന്നു: മുഖ്യമന്ത്രി

Saturday 04 March 2023 1:38 AM IST

തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പിനെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നാടിന്റെ വികസനം തടയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പതിറ്റാണ്ടുകൾക്കപ്പുറം മാത്രം സാദ്ധ്യമാകുമായിരുന്ന വികസന സ്വപ്‌നങ്ങളാണ് കിഫ്ബിയിലൂടെ സാർത്ഥകമാക്കിയത്. സംസ്ഥാനത്തിന്റെ‌ ആവശ്യങ്ങൾക്ക് ബഡ്‌ജറ്റ് മാത്രം പോരെന്ന് വന്നപ്പോഴാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്.

അടിസ്ഥാന സൗകര്യവികസനത്തിൽ അത്ഭുതകരമായ മാറ്റങ്ങളാണ് കിഫ്ബി കൊണ്ടുവന്നത്. 74,000 കോടിയുടെ 993 ബൃഹദ്പദ്ധതികൾക്ക് അംഗീകാരം നൽകി. 54,000 കോടിയുടെ 986 പദ്ധതികളിൽ 6,201 കോടിയുടെ നിർമ്മാണം പൂർത്തിയാക്കി. ദേശീയ പാതാവികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 6,769 കോടിയുടെയും പൊതുവിദ്യാഭ്യാസ മേഖലയിൽ 2,780 കോടിയുടെയും പദ്ധതികൾക്ക് അംഗീകാരം നൽകി. വിദ്യാലയങ്ങളിൽ 44,705 ഹൈടെക് ക്ലാസ് മുറികളും 11,257 ഹൈടെക് ലബോറട്ടറികളും സജ്ജമാക്കി. മൂന്ന് വ്യവസായ പാർക്കുകൾക്ക് 13,988 കോടിയും എച്ച്.എൻ.എൽ ഭൂമി ഏറ്റെടുക്കലിന് 200 കോടിയും കിഫ്ബിയിലൂടെ ചെലവഴിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലില്ലായ്‌മ കുറഞ്ഞു

രാജ്യത്ത് തൊഴില്ലില്ലായ്‌മ നിരക്ക് വർദ്ധിക്കുമ്പോഴും സംസ്ഥാനത്ത് അത് കുറയ്ക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ൽ പ്രകടനപത്രികയിലെ 600 വാഗ്ദ്ധാനങ്ങളിൽ 580ഉം നിറവേറ്റി. 2021ൽ 50 ഇന പരിപാടിയും 900 വാഗ്ദ്ധാനങ്ങളുമാണ് മുന്നോട്ടുവച്ചത്. ഇതിൽ ഒന്നാം വർഷം തന്നെ 758 പദ്ധതികൾക്ക് തുടക്കം കുറിച്ചു. റീബിൽഡ് കേരളയിലൂടെ 8232 കോ‌ടിയു‌ടെ 87 പദ്ധതികൾക്ക് ഭരണാനുമതി നൽകി. 5,590 കോടിയുടെ പദ്ധതികളിൽ 376 കോടിയുടെ 24 പ്രവർത്തികൾ പൂർത്തിയാക്കി. റീബിൽഡ് കേരളയിൽ ഇതിനകം 2864 കോടിയാണ് കേരളപുനർനിർമ്മാണത്തിനായി ചെലവഴിച്ചത്.

മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായുള്ള പാലോളി കമ്മിഷൻ റിപ്പോർട്ടിലെ മിക്കവാറും കാര്യങ്ങൾ ന‌ടപ്പാക്കാൻ നടപടി സ്വീകരിച്ചു. കുട്ടനാട്,ഇടുക്കി,വയനാട് പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കുമെന്നും വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.