ചെറുവയൽ രാമന് പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം

Saturday 04 March 2023 1:39 AM IST

കോഴിക്കോട്: പദ്മശ്രീ ജേതാവ് ചെറുവയൽ രാമന് സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം. ഈ മാസം 18ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാരം നൽകുമെന്ന് ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാവും.

പരമ്പരാഗത ജൈവകൃഷി രീതി അവലംബിച്ച് ഭക്ഷ്യഭദ്രതാരംഗത്ത് നിസ്തുലമായ സേവനമനുഷ്ഠിക്കുന്ന കർഷകരെ ആദരിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ഏർപ്പെടുത്തിയതാണ് ഭക്ഷ്യഭദ്രതാ പുരസ്കാരം. തടിയിലും ലോഹത്തിലുമായി നിർമ്മിച്ച പറയും പ്രശസ്തിപത്രവും, 11,111 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

പരമ്പരാഗത നെൽവിത്തുകളും അവയെക്കുറിച്ച് സൂക്ഷ്മമായ അറിവുകളും സൂക്ഷിക്കുന്ന പൈതൃക കർഷകനാണ് ചെറുവയൽ രാമൻ.

ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ പി. വസന്തം, വി. രമേശൻ, ഡോ. ജി. എസ്. ശ്രീദയ, കെ.എസ്. ശ്രീജ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.