ശബരിമലയിൽ ഈ മണ്ഡലകാലത്ത് ലഭിച്ചത് 400 പവൻ സ്വർണം

Saturday 04 March 2023 1:41 AM IST

തിരുവനന്തപുരം:ശബരിമലയിൽ ഈ മണ്ഡലകാലത്ത് കാണിക്കയായും അല്ലാതെയും ലഭിച്ചത് 400 പവൻ സ്വർണമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ.361 കോടി വരുമാനവും ലഭിച്ചു. ഇതിൽ വിദേശ കറൻസി ഉൾപ്പെടുത്തിയിട്ടില്ല.അത് തിട്ടപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്വർണം തിട്ടപ്പെടുത്തി ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്ട്രോംഗ്റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.സ്വർണം സ്ട്രോംഗ്റൂമിൽ എത്തിച്ചതിൽ കാലതാമസവും പ്രശ്നവുമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ജനുവരി 14ന് മകരവിളക്ക് കഴിഞ്ഞ് 15 മുതൽ തുടങ്ങിയ കാണിക്കയെണ്ണൽ 25നാണ് അവസാനിച്ചത്.തുടർന്ന് മാസപൂജകൾ ആരംഭിച്ചപ്പോൾ സ്വർണം സ്ട്രോംഗ്റൂമിലേക്ക് മാറ്റുന്നതിൽ ഏഴ് ദിവസത്തെ വ്യത്യാസം ഉണ്ടായി.നിശ്ചിത സമയത്തിനുള്ളിൽ സ്വർണം തിട്ടപ്പെടുത്തി സ്ട്രോംഗ് റൂമിലെത്തിക്കാൻ പ്രത്യേക നിർദ്ദേശം നൽകുന്നത് പതിവില്ല. ഇത്തരത്തിലുള്ള പ്രചാരണം വന്നപ്പോൾ തന്നെ ദേവസ്വം കമ്മിഷണറോടും സബ്ഗ്രൂപ്പ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.റിപ്പോർട്ട് പരിശോധിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അനന്തഗോപൻ പറഞ്ഞു.