എൽ ക്ലാസിക്കോയിൽ ബാഴ്സയുടെചിരി

Saturday 04 March 2023 4:00 AM IST

മാഡ്രിഡ് : കോപ്പ ഡെൽ റേ ഒന്നാം പാദ സെമിയിൽ ബാഴ്സലോണ 1-0ത്തിന് റയൽ മാഡ്രിഡിനെ കീഴടക്കി. ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ പ്രതിരോധ താരം എഡർ മിലിറ്റാവോയുടെ പിഴവിൽ കിട്ടിയ സെൽഫ് ഗോളിലാണ് ബാഴ്സ ജയമുറപ്പിച്ചത്. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബർണബ്യൂവിലായിരുന്നു മത്സരം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച റയലിനെ ഞെട്ടിച്ച്

26-ാം മിനിട്ടിലായിരുന്നു ബാഴ്സയുടെ വിജയമുറപ്പിച്ച മിലിറ്റാവോയുടെ സെൽഫ് ഗോൾ വന്നത്. ഫെറാൻ ടോറസ് ബോക്‌സിലേക്ക് നൽകിയ പാസിൽ നിന്നുള്ള ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളിൽ കലാശിച്ചത്. കെസ്സിയുടെ ഷോട്ട് റയൽ ഗോളി തിബോ കോട്ട്വായുടെ കാലിൽ തട്ടി തിരികെവന്നത് എഡെർ മിലിറ്റാവോയുടെ കാലിൽ തട്ടി വലയിൽകയറുകയായിരുന്നു. ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നെങ്കിലും വാർ ഗോൾ അനുവദിക്കുകയായിരുന്നു. രണ്ടാം പാദ പോരാട്ടം ബാഴ്സുടെ തട്ടകത്തിൽ ഏപ്രിൽ 6ന് ഇന്ത്യൻ സമയം പുലർച്ചെ 1.30 മുതലാണ്.