തൃശ്ശൂരിൽ കാർ ഷോറൂമിൽ വൻതീപിടിത്തം, സർവീസ് സെന്റർ കത്തിനശിച്ചു
Saturday 04 March 2023 8:03 AM IST
തൃശ്ശൂർ: കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻതീപിടിത്തം. മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് അവ സ്ഥലത്തുനിന്നു മാറ്റാനായി.
അഗ്‌നിരക്ഷാസേനയുടെ ഏഴോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് വിവരം. സർവീസ് സെന്റർ കത്തിനശിച്ചു. വാഹനങ്ങളുടെ സർവീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകൾ നിലത്ത് പരന്നു കിടക്കുന്നത് അഗ്‌നിരക്ഷാസേനാംഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്. പുതിയ കാറുകൾക്ക് ഉൾപ്പെടെ തീപ്പിടിച്ചു. സർവീസ് സെന്ററായതുകൊണ്ട് തറയിൽ ഓയിൽ ഉണ്ടായിരുന്നതാണ് പടർന്നുപിടിക്കാൻ കാരണമെന്നാണ് നിഗമനം.