പ്ളോട്ട് തിരിച്ച് വില്പന: പെർമിറ്റ് നിർബന്ധം
Sunday 05 March 2023 12:43 AM IST
കൊച്ചി: കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യാതെയും പെർമിറ്റ് എടുക്കാതെയും ഭൂമി പ്ലോട്ടുകളാക്കുന്നത് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ചെയർമാൻ പി.എച്ച്. കുര്യൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദ്ദേശിച്ചു.
500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂമി താമസത്തിനുള്ള പ്ലോട്ടുകളാക്കാൻ രജിസ്‌ട്രേഷനും പെർമിറ്റും നിർബന്ധമാണ്. അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യാതെ പരസ്യം കൊടുക്കുകയോ വില്പന നടത്തുകയോ ചെയ്താൽ പദ്ധതിച്ചെലവിന്റെ പത്തു ശതമാനം വരെ പിഴ ഈടാക്കാം. സാങ്കേതിക ഭരണ വിഭാഗം സെക്രട്ടറി വൈ. ഷീബ റാണി, ഡെപ്യൂട്ടി ഡയറക്ടർ പി.ജി. പ്രദീപ് കുമാർ എന്നിവരും പങ്കെടുത്തു.