ഹിന്ദി പ്രചാരസഭയുടെ ആചാര്യ കോഴ്‌സ് ബി.എഡിന് തുല്യം
കൊച്ചി: കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ആചാര്യ കോഴ്‌സ് ബി.എഡിന് തുല്യമാണെന്ന് ഹൈക്കോടതി. കൊല്ലം പുതയം ഓൾ സെയിന്റ്സ് ഹൈസ്കൂളിലെ ഹെഡ്‌മിസ്ട്രസായി സ്ഥാനക്കയറ്റം നൽകി നിയമിച്ച നടപടി വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാത്തതിനെ ചോദ്യം ചെയ്ത് ജെ. ഗീതാകുമാരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്.
ഹർജിക്കാരി 1992ലാണ് ആചാര്യ കോഴ്‌സ് പാസായത്. 2003ൽ ഹൈസ്‌കൂൾ അസിസ്റ്റന്റായി. 2013ൽ ബി.എഡും എടുത്തു. 2017ലാണ് ഹെഡ്‌മിസ്ട്രസായി നിയമിച്ചത്. ഇതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ പ്രഥമാദ്ധ്യാപികയായി നിയമിക്കുന്നതിന് ബി.എഡ് എടുത്തശേഷം 12വർഷത്തെ പ്രവൃത്തിപരിചയം വേണമെന്നു ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് അഡി. ഡയറക്ടർ നിയമനത്തിന് അംഗീകാരം നൽകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
2013ലാണ് ബി.എഡ് എടുത്തതെന്നതിനാൽ 12വർഷത്തെ പ്രവൃത്തി പരിചയമില്ലെന്നതു ശരിയാണെങ്കിലും ആചാര്യ കോഴ്‌സ് ബി.എഡിന് തുല്യമായതിനാൽ എതിർപ്പിന് കാരണമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിക്ക് ഹെഡ്‌മിസ്ട്രസ് എന്ന നിലയിൽ 2017മുതലുള്ള ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിട്ടു.