മന്ത്രിസഭയറിയാതെ മനുഷ്യാവകാശ കമ്മിഷനിൽ പുനർനിയമനം,​ മുൻ സെക്രട്ടറി വെട്ടിൽ

Sunday 05 March 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ വിരമിച്ച ഉദ്യോഗസ്ഥനെ മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ നേരിട്ട് പുനർനിയമിച്ചതിൽ കുരുക്കിലായി മുൻ സെക്രട്ടറി. ധനവകുപ്പിന്റെ അനുമതിയില്ലാതെയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഫയൽ സമർപ്പിക്കാതെയുമാണ് വിരമിച്ച ഉദ്യോഗസ്ഥനെ ഒന്നര വർഷം മുമ്പ് അന്നത്തെ മനുഷ്യാവകാശകമ്മിഷൻ സെക്രട്ടറി പുനർനിയമിച്ചത്.നിയമനം ലഭിച്ച ഉദ്യോഗസ്ഥൻ നിലവിൽ ഒരു കമ്മിഷൻ അംഗത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ്. മുൻ കമ്മിഷൻ സെക്രട്ടറി നിലവിൽ നിയമവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തോട് നിയമവകുപ്പ് വിശദീകരണം തേടി.നിയമമന്ത്രി പി. രാജീവിന്റെ ശ്രദ്ധയിൽ വിഷയം വന്നതായി സൂചനയുണ്ട്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് നിയമസെക്രട്ടറി മന്ത്രിക്ക് സമർപ്പിക്കാനാണ് നിർദ്ദേശം.

2021 മേയ് 31ന് വിരമിച്ച ഉദ്യോഗസ്ഥനെയാണ് വീണ്ടും നിയമിച്ചത്. 2021 ജൂൺ 18ന് പുനർനിയമനം നൽകി കമ്മിഷൻ സെക്രട്ടറി ഉത്തരവിടുകയായിരുന്നു. വിരമിച്ചവർക്ക് പുനർനിയമനം നൽകണമെങ്കിൽ മന്ത്രിസഭയുടെ മുൻകൂർ അനുമതി ആവശ്യമാണ്.

നിയമനം നൽകി ഒന്നര വർഷത്തിനുശേഷം, ഇപ്പോൾ ധനകാര്യവകുപ്പിന്റെ അനുമതിക്കായി ഫയലെത്തിയതോടെയാണ് പ്രശ്നമായത്. ക്രമവിരുദ്ധ നടപടിയാണെന്ന് കാട്ടി ധനകാര്യ വകുപ്പ് ഫയൽ നിരസിച്ചു. നിയമവകുപ്പിലേക്ക് ഫയൽ മടങ്ങിയതോടെയാണ് മുൻ സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടാൻ തീരുമാനിച്ചത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഫയൽ നിയമമന്ത്രി പരിശോധിച്ച് ധനവകുപ്പിലേക്ക് അയക്കുകയും ധനവകുപ്പിന്റെ തീരുമാനത്തോടെ മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കുകയും വേണം. കമ്മിഷൻ മുൻ സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി നേരിടേണ്ടി വന്നേക്കാം.