അറബ് ഫുട്ബാളിൽ ക്രിസ്റ്റ്യാനോയ്ക്കും താഴെയാണ് മെസി; അൽനസർ താരത്തിന്റെ റെക്കാഡ് തകർക്കാതെ മിശിഹ സൗദി ലീഗിലെത്തുമോ?

Saturday 04 March 2023 10:39 PM IST

റിയാദ്: അർജന്റീനിയൻ സൂപ്പർ താരം ലിയോണൽ മെസി അറബ് ഫുട്ബാളിന്റെ ഭാഗമായേക്കും എന്ന തരത്തിലുള്ള വാർത്തകൾ വലിയ രീതിയിൽ തന്നെ ഫുട്ബാൾ ലോകത്ത് പ്രചരിച്ചിരുന്നു. പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ളബ്ബായ അൽനസറിലേയ്ക്ക് ചേക്കേറിയതിന് പിന്നാലെയാണ് മെസിയെ അൽഹിലാൽ ക്ളബ്ബിന്റെ ഭാഗമാകുമെന്ന വാർത്ത പുറത്ത് വന്നത്.

എന്നാലിപ്പോൾ മറ്റൊരു സൗദി ലീഗ് ക്ളബ്ബായ അൽഇത്തിഹാദാണ് മെസിയ്ക്കായി ട്രാൻസ്ഫർ തുക ഒരുക്കി തയ്യാറായി ഇരിക്കുന്നത്. എകദേശം 770 കോടി രൂപയ്ക്ക് തുല്യമായ 94 മില്യൺ ഡോളറാണ് ക്ളബ്ബിന്റെ ഓഫർ തുക എന്നാണ് വിവരം. ഈ കണക്കുകൾ ശരിയാണെങ്കിൽ അൽനസർ ക്രിസ്റ്റ്യാനോയ്ക്കായി ചെലവഴിച്ചതിനേക്കാൾ കുറഞ്ഞ തുകയാണ് മെസിയ്ക്കായി അൽഇത്തിഹാദ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 1,950 കോടി രൂപയുടെ റെക്കാഡ് തുകയ്ക്കായിരുന്നു അൽനസർ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്.

മെസിയുമായി രണ്ട് വർഷത്തെ കരാറിനാണ് സൗദി ക്ളബ്ബ് ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. മെസിയെ ടീമിലെത്തിച്ച് സൗദി ദേശീയ കിരീടം അനായാസമായി നേടുകയാണ് ക്ളബ്ബിന്റെ ലക്ഷ്യം. മെസി എത്തുന്നതോടെ അൽഇത്തിഹാദിന്റെ മറ്റു കളിക്കാർക്കും അത് പുത്തൻ ഉണർവേകും എന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.

ലോകകപ്പ് നേട്ടത്തിലൂടെ കരിയറിന്റെ സുവർണനിമിഷങ്ങൾ ആഘോഷിക്കുന്ന മെസി നിലവിലെ ക്ളബ്ബായ പിഎസ്ജിയുമായി കരാർ പുതുക്കിയിട്ടില്ല. അതിനാൽ തന്നെ മെസിയുടെ അറബ് ഫുട്ബാൾ പ്രവേശനത്തിന്റെ അഭ്യൂഹങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്, മെസിയെ യൂറോപ്യൻ ലീഗുകളിൽ നിന്ന് സൗദി ഫുട്ബാളിലേയ്ക്ക് പറിച്ചുനടാനായി പ്രതിവർഷം 300 മില്യൺ യൂറോ അതായത് ഏകദേശം 2445 കോടി രൂപയുടെ കരാർതുക അൽ-ഹിലാൽ വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.