നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി, സമരം പിൻവലിച്ച് ഹ‌ർഷിന

Sunday 05 March 2023 12:00 AM IST

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാജോർജ് സമരപ്പന്തലിൽ നേരിട്ടെത്തിയതോടെ മെഡി. കോളേജിന് മുന്നിൽ ഏഴ് ദിവസമായി നടത്തിവന്ന സത്യഗ്രഹസമരം അവസാനിപ്പിച്ച് ഹർഷിന. നീതി ലഭ്യമാക്കുന്നതിനുള്ള നടപടി രണ്ടാഴ്ചയ്ക്കകം ഉണ്ടാവുമെന്നും ഇതുവരെ അനുഭവിച്ച ദുരിതങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. കോഴിക്കോട് ​മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ മന്ത്രി ഹർഷിനയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് 'കേരളകൗമുദി" ഇന്നലെ എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിരുന്നു. താമര​ശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡി. കോളേജിലുമായാണ് ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടന്നത്. ഇന്നലെ വൈകിട്ട് മെഡിക്കൽ കോളേജ് പി.എം.എസ്.വൈ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി സമരപ്പന്തലിലെത്തിയത്. തുടർന്ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ വച്ച് ഹർഷിനയുമായി സംസാരിച്ചു. പിന്നീട് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ മന്ത്രി ഹർഷിനയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും സർക്കാർ ഹർഷിനയ്ക്കൊപ്പമാണെന്നും പറഞ്ഞു.

നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പു തന്നതായി ഹർഷിന പറഞ്ഞു. മന്ത്രി നേരത്തെ ഫോണിൽ നൽകിയ വാക്ക് പാലിക്കപ്പെട്ടിരുന്നില്ല. ​നേരിട്ടെത്തുകയും ഉറപ്പു നൽകുകയും ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ വാക്ക് വിശ്വസിക്കുകയാണ്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തന്നെയാണ് വീഴ്ച സംഭവിച്ചതെന്ന് തനിക്ക് ഉറപ്പുണ്ട്. പൊലീസിൽ നൽകിയ പരാതി പിൻവലിക്കില്ലെന്നും ഹർഷിന പറഞ്ഞു.

സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയ്ക്കൊപ്പമാണ് ഹർഷിന മെഡി. കോളേജ് പ്രിൻസിപ്പലിന്റെ മുറിയിൽ ചർച്ചയ്ക്കെത്തിയതെങ്കിലും ഹർഷിനയെയും കുടുംബത്തെയുമാണ് പൊലീസ് പ്രവേശിപ്പിച്ചത്. സമരസമിതി ചെയർമാനെ പിന്നീട് ചർച്ചയ്ക്ക് വിളിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും സമരസമിതിയുമായി ചർച്ചയുണ്ടായില്ല.