മുല്ലപ്പൂവിനെ പ്രണയിച്ച് സൂരജ്; മാസ വരുമാനം ഒരു ലക്ഷം

Sunday 05 March 2023 4:44 AM IST

തൃശൂർ: പത്തു സെന്റിൽ അമ്മ തുടങ്ങിവച്ച കുറ്റിമുല്ല കൃഷി ഏറ്റെടുത്ത മകനിപ്പോൾ മുല്ലപ്പൂവിന്റെ മൊത്തക്കച്ചവടക്കാരൻ. രണ്ടര ഏക്കറിൽ പൂക്കൃഷി വ്യാപിപ്പിച്ചു. മാസ വരുമാനം ഒരു ലക്ഷം രൂപ.

കൊരട്ടി മാമ്പ്ര കോലോത്തോട്ടത്തിൽ സൂരജാണ് ഗുജറാത്ത് ഷിപ്പ്യാർഡിലെ ടെക്നീഷ്യൻ ജോലി ഉപേക്ഷിച്ച് പത്തു വർഷം മുമ്പ് പൂന്തോട്ടത്തിലേക്ക് ഇറങ്ങിയത്. ദിവസത്തിൽ പന്ത്രണ്ടു മണിക്കൂറും തോട്ടത്തിലാണ് ഇപ്പോൾ ഈ മുപ്പത്തിയൊന്നുകാരൻ. രാവിലെ അഞ്ചു മണിയാകുമ്പോൾ, അമ്മയും ഭാര്യയും അനുജനും അടക്കം പൂപറിക്കാനിറങ്ങും. പൂർത്തിയാക്കാൻ മൂന്നര മണിക്കൂർ വേണ്ടിവരും. അതു കഴിഞ്ഞാൽ കല്യാണ ആവശ്യങ്ങൾക്കും ഉത്സവങ്ങൾക്കും മുല്ലപ്പൂവ് എത്തിക്കുന്ന തിരക്കാണ്.

സ്വന്തമായുള്ള ഒരേക്കറിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമാണ് കൃഷി. കൂടുതൽ വിളവുണ്ടാകുക വേനലിലാണ്. പ്രത്യേകിച്ചും ഏപ്രിലിൽ.

കർഷക കുടുംബാംഗമായതിനാൽ പഠനകാലത്തേ കൃഷിയിൽ തത്പരനായിരുന്നു സൂരജ് . മുല്ലക്കൃഷിയിലേക്ക് തിരിഞ്ഞിട്ട് 11 വർഷമായി. സഹായിക്കാൻ ഭാര്യ ശിൽപ്പയുണ്ട്. മകൻ ഷിൻവൈ (2).

#15 വർഷം വിളവെടുക്കാം

1.ഫെബ്രുവരി മുതൽ മേയ് വരെയാണ് സീസൺ. പിന്നീടുള്ള മാസങ്ങളിൽ വിളവ് കുറവായിരിക്കും.15 വർഷം വിളവെടുക്കാം.

2. രണ്ടരയേക്കറിലെ വിളവുകൊണ്ട് വിവാഹ, ഉത്സവ സീസണിൽ ഒരു ലക്ഷം വരെ സമ്പാദിക്കാം.

3. നട്ട് ഒരു മാസത്തിനുള്ളിൽ പൂത്ത് തുടങ്ങുമെങ്കിലും ഒരു വർഷത്തിനുള്ളിൽ നല്ല വിളവ് കിട്ടിത്തുടങ്ങും.

പ്രോത്സാഹനം

തമിഴ്നാട്ടുകാർ

അയൽവാസികളായ തമിഴ്‌നാട്ടുകാരുടെ പ്രോത്സാഹനത്തിൽ സൂരജിന്റെ അമ്മ സിനി പത്ത് സെന്റിൽ തുടങ്ങിയ കൃഷിയാണ് സൂരജ് വ്യാപിപ്പിച്ചത്.

ശരാശരി വരുമാനം

(രണ്ടര ഏക്കറിൽ പ്രതിമാസം)

ഉത്പാദനം:

200-250 കിലോ


വില:

Rs. 500-700 (കിലോയ്ക്ക്) .

ഉത്സവ സീസണിൽ വില 1500 വരെ

വരുമാനം:

100000

കൃത്യമായി മരുന്നും വളവും നനയും നൽകണം. വിവാഹ, ഉത്സവ ഓർഡറുകളാണ് ലാഭകരം.

-സൂരജ്‌