മലബാർ ഗ്രൂപ്പിന്റെ വളർച്ച മാതൃകാപരം: മുഖ്യമന്ത്രി

Sunday 05 March 2023 3:52 AM IST
മലബാർ ഗ്രൂപ്പിന്റെ 30-ാം വാർഷികാഘോഷങ്ങളുടെയും കാക്കഞ്ചേരിയിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ജുവലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, പി.എ.മുഹമ്മദ് റിയാസ്, ടി.വി.ഇബ്രാഹിം എം.എൽ.എ., മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി.അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ നിഷാദ് തുടങ്ങിയവർ സമീപം

 മലബാർ ഗ്രൂപ്പിന്റെ ഇന്റഗ്രേറ്റഡ് ജുവലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

കോഴിക്കോട്: ചെറിയനിലയിൽ തുടങ്ങി ലോകത്തിന്റെ വിവിധകോണുകളിൽ പ്രവർത്തിക്കുന്ന തലത്തിലേക്ക് ഉയർന്ന മലബാർ ഗ്രൂപ്പിന്റെ വളർച്ച സന്തോഷം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലബാർ ഗ്രൂപ്പിന്റെ 30-ാം വാർഷിക പരിപാടികളുടെയും കാക്കഞ്ചേരി കിൻഫ്രപാർക്കിൽ മലബാർ ഗ്രൂപ്പ് സ്ഥാപിച്ച ആധുനിക ഇന്റഗ്രേറ്റഡ് ജുവലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പ്രതിബദ്ധതയിലും മലബാർ ഗ്രൂപ്പ് മുന്നിലാണ്. വ്യവസായ സൗഹൃദാന്തരീക്ഷം ഉയർത്താൻ മലബാർ ഗ്രൂപ്പിന്റെ ഇടപെടൽ വഴിവയ്ക്കും. നിയമവും ചട്ടവും പാലിച്ച് മാതൃകാപരമായുള്ള മലബാർ ഗ്രൂപ്പിന്റെ പ്രവർത്തനം തുടരണമെന്നും ഇത് ചെറുതും വലുതുമായ സ്ഥാപനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റിദ്ധാരണ കൊണ്ട് വൈകിയെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നെന്നും സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും പിന്തുണച്ചുവെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. സത്യസന്ധമായ ബിസിനസാണ് മലബാർ ഗ്രൂപ്പിന്റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീംലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വെബ്‌സൈറ്റിന്റെ പ്രകാശനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. മന്ത്രി വി.അബ്ദുറഹിമാൻ ചാരിറ്റി ചെക്ക് വിതരണോദ്ഘാടനം നിർവഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ., ഡോ. അബ്ദുസമദ് സമദാനി എം.പി., ടി.വി.ഇബ്രാഹിം എം.എൽ.എ., സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

എം.വി.ശ്രേയാംസ് കുമാർ എം.പി., പി.വി.ചന്ദ്രൻ, പി.കെ.ഗ്രൂപ്പ് ചെയർമാൻ പി.കെ.അഹമ്മദ്, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൾസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ കെ.പി.വീരാൻകുട്ടി, എ.കെ.നിഷാദ്, കോർപ്പറേറ്റ് മേധാവികളായ ആർ.അബ്ദുൾ ജലീൽ, വി.എസ്.ഷറീജ്, വി.എസ്.ഷഫീഖ്, എസ്.സി.എം ഹെഡ് എൻ.വി.അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു.

ഒരുവർഷം നീളുന്ന ആഘോഷം

കാക്കഞ്ചേരി കിൻഫ്രപാർക്കിലെ ഇന്റഗ്രേറ്റഡ് ജുവലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോ 1.75 ലക്ഷം ചതുരശ്രഅടിയിലാണ് പൂർത്തിയാക്കിയത്. 250 കോടിയാണ് നിക്ഷേപം. ഒരാളും വിശന്നുകഴിയരുത് എന്ന ലക്ഷ്യവുമായി 'ഹംഗർ ഫ്രീ വേൾഡ്" എന്ന പദ്ധതിയും കമ്പനി ആരംഭിച്ചു. മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് മലബാർ ഗ്രൂപ്പ് രൂപംനൽകിയിട്ടുള്ളത്.