വിദ്യാഭ്യാസരംഗത്ത് പതഞ്ജലിയുടേത് പുത്തൻ മാതൃക: ബാബാ രാംദേവ്

Sunday 05 March 2023 3:54 AM IST

കൊച്ചി: മറ്റു മരുന്നുകളും ചികിത്സയും ഇല്ലെന്ന് മനുഷ്യർ ചിന്തിച്ചത് കൊണ്ടാണ് 100 വർഷമായി അലോപ്പതി വ്യാപക പ്രചാരണം നേടാൻ കാരണമായതെന്ന് പതഞ്ജലി സ്ഥാപകൻ സ്വാമി ബാബാ രാംദേവ് പറഞ്ഞു. ഹരിദ്വാറിൽ പ്ലാന്റ്സ് ടൂ പേഷ്യന്റ്സ് - റീതിങ്കിംഗ് എത്‌നോഫാർമകോളജി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദത്തിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങൾ നടത്തിയാണ് പതഞ്ജലി മരുന്നുകൾ നിർമ്മിക്കുന്നത്. പതഞ്ജലി വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിച്ചു. പതഞ്ജലി ആയുർവേദ കോളേജിലൂടെ ആയുർവേദ ഡോക്ടർമാരുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ച് രാജ്യത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സേവനരംഗത്ത് ലോകം പതഞ്ജലിയെ ഉറ്റുനോക്കുകയാണെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ഡൽഹി ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ‌് റിസർച്ച് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രമേഷ് കെ. ഗോയൽ എത്‌നോഫാർമകോളജി ടു ക്ലിനിക്കൽ ഫാർമകോളജി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. അനുരാഗ് വർഷിണി, ഡയറക്ടർ ജനറൽ ഒഫ് സെൻട്രൽ കൗൺസിൽ ഫോർ റിസ‌ർച്ച് ഇൻ ആയുർവേദ സയൻസസ് പ്രൊഫ. രബി നാരായൺ ആചാര്യ, റിഷികേശ് എയിംസ് സി.ഇ.ഒ പ്രൊഫ. മീനു സിംഗ്, പ്രൊഫ. നമൃതലാൽ, ഡോ. രമണൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.