വ്യാജവാർത്തകൾക്ക് സത്യം ഇരയാകുന്നു: ചീഫ് ജസ്റ്റിസ്

Sunday 05 March 2023 1:55 AM IST

ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പുറത്ത് വരുന്ന ഈ കാലത്ത് സത്യം ഇരയാക്കപ്പെടുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. കഴിഞ്ഞ ദിവസം അമേരിക്കൻ ബാർ അസോസിയേഷന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുതയാണ്. സാങ്കതിക വിദ്യ വികസിച്ചതിനൊപ്പം മാനവികത വളർന്നിട്ടുണ്ട്. എന്നാൽ വ്യക്തിപരമായി നാം വിശ്വസിക്കുന്നതിന് പുറത്തുള്ളവയെ സ്വീകരിക്കുന്നത് ഇത് തടയുകയാണ്. സാമൂഹിക മാദ്ധ്യമങ്ങളുടെ വ്യാപനത്തോടെ യുക്തി കൊണ്ട് പരിശോധിക്കാൻ കഴിയാത്ത വിധത്തിൽ കാര്യങ്ങൾ വളർന്ന് പന്തലിക്കുകയാണ്. ട്രോളുകളിൽ നിന്ന് ജഡ്ജിമാർക്ക് പോലും രക്ഷയില്ല. സ്വന്തം കാഴ്ച്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളാൻ തയ്യാറല്ലാത്തതിനാലാണ് ആളുകൾ അസഹിഷ്ണുക്കളായി മാറുന്നത്. ആഗോളവൽക്കരണത്തിന് അതിന്റേതായ നേട്ടങ്ങളുണ്ടെന്നും എന്നാൽ അതിന് വലിയ ന്യൂനതകളുമുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.