ഹജ്ജ്: കേരളത്തിന് കൂടുതൽ സീറ്റ് വേണം
ക്വാട്ടയും കവിഞ്ഞ് അപേക്ഷകർ
മലപ്പുറം: ഹജ്ജിന് അപേക്ഷിക്കാൻ ആറു ദിവസം ശേഷിക്കേ ഇതുവരെ അപേക്ഷിച്ചത് കേരളത്തിന് സാദ്ധ്യതയുള്ള ക്വാട്ടയുടെ ഇരട്ടിയോളം. ഇന്നലെ വരെ 14,227 പേർ അപേക്ഷിച്ചു. ജനറൽ വിഭാഗത്തിൽ 11,059 പേരും 70 വയസ് വിഭാഗത്തിൽ 1,119 പേരും മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 2,049 പേരും.
കഴിഞ്ഞ വർഷം സൗദി ഹജ്ജ് മന്ത്രാലയം 79,237 സീറ്റാണ് ഇന്ത്യക്ക് അനുവദിച്ചത്. ഇതിൽ 56,061 സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് വീതിച്ചപ്പോൾ കേരളത്തിന്റെ ക്വാട്ട 5,766 ൽ ഒതുങ്ങി. ഇത്തവണ ഇന്ത്യയുടെ ക്വാട്ട 1,75,025 ആണ്. ആനുപാതികമായി കേരളത്തിന്റെ ക്വാട്ട കൂടും. മാർച്ച് 10 വരെ സമയം ഉള്ളതിനാൽ അപേക്ഷകർ കൂടുമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി കരുതുന്നത്. ഓരോ സംസ്ഥാനത്തെയും മുസ്ലീം ജനസംഖ്യക്ക് ആനുപാതികമായാണ് ഹജ്ജ് ക്വാട്ട. അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാക്കണം ക്വാട്ട എന്നാണ് കേരളത്തിന്റെ ആവശ്യം. രാജ്യത്ത് ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ മുന്നിൽ കേരളമാണ്. എന്നാൽ ജനസംഖ്യാനുപാതികമായി സീറ്റ് വീതം വയ്ക്കുമ്പോൾ കേരളം പിന്നിലാവും.
ആദ്യ വിമാനം മേയ് 21ന്
വിമാനക്കമ്പനികളുമായി വ്യോമ മന്ത്രാലയം ഏപ്രിൽ 14ന് കരാർ.
മേയ് 21ന് - ജൂൺ 22 ഹജ്ജ് സർവീസുകൾ.
ജൂലായ് 3 - ആഗസ്റ്റ് 2 മടക്ക സർവീസുകൾ.
കൊച്ചി, കോഴിക്കോട്, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങൾ
വിസ സ്റ്റാമ്പിംഗ് ഏപ്രിൽ 18 മുതൽ
മാർച്ച് 17 - 20 ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയാകും.
മാർച്ച് 24നകം ആദ്യ ഗഡു പണം അടയ്ക്കണം
മാർച്ച് 27ന് പാസ്‌പോർട്ടും മുഴുവൻ തുകയും നൽകണം. വാക്സിൻ ഏപ്രിൽ 15ന് ഹജ്ജ് കമ്മിറ്റികൾക്ക് കൈമാറും.
കേരളത്തിന്റെ ക്വാട്ട കൂട്ടണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നിലവിൽ അപേക്ഷകരുടെ എണ്ണമനുസരിച്ച് ക്വാട്ട സാദ്ധ്യമല്ല. മറ്റ് സംസ്ഥാനങ്ങളിൽ ക്വാട്ട പ്രകാരമുള്ള അപേക്ഷകർ ഇല്ലാതിരിക്കുമ്പോൾ കേരളം പോലുള്ള സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടുണ്ട്.
എ.പി.അബ്ദുള്ളക്കുട്ടി , കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ