എം.കെ. രാഘവനെ അനുകൂലിച്ച് കെ. മുരളീധരനും

Sunday 05 March 2023 1:00 AM IST

കോഴിക്കോട്: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച എം.കെ. രാഘവൻ എം.പിയെ അനുകൂലിച്ച് കെ. മുരളീധരൻ എം.പി. തന്നോടും ഒരുകാര്യവും ആലോചിക്കാറില്ല. പാർട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും പ്രവർത്തകരുടെ വികാരമാണ് എം.കെ. രാഘവൻ പ്രകടിപ്പിച്ചതെന്നും കെ. മുരളീധരൻ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയെ സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഗുണകരമല്ല. കോൺഗ്രസിൽ മതിയായ ചർച്ചകൾ നടക്കുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് അടിയന്തരമായി രാഷ്ട്രീയകാര്യ സമിതിയോ പാർട്ടി എക്‌സിക്യൂട്ടിവോ വിളിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. രാഘവന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. എന്നാൽ, ഡി.സി.സി പ്രസിഡന്റ് അത് പരസ്യപ്പെടുത്തിയത് ശരിയായില്ല. ഡി.സി.സി പ്രസിഡന്റ് നടത്തിയ പരസ്യ പ്രതികരണം തെറ്റാണെന്നും മുരളീധരൻ വ്യക്തമാക്കി.