ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; 30 പേർക്കെതിരെ കേസ്; എട്ട് പേർ കീഴടങ്ങി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ റീജിയണൽ ഓഫീസിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ എസ്.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത് ബാബുവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഏഷ്യാനെറ്ര് ന്യൂസ് റെസിഡന്റ് എഡിറ്റർ അഭിലാഷ് ജി. നായരുടെ പരാതിയിൽ 30 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വെള്ളിയാഴ്ച രാത്രി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ വൈകിട്ടാണ് തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി ബ്രഹ്മദത്തും ജില്ലാ കമ്മിറ്റി അംഗം ശരത്തും ഉൾപ്പെട്ട എട്ടംഗ സംഘം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ഏഷ്യാനെറ്റ് ഓഫീസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ചാനൽ സംപ്രേഷണം ചെയ്ത വാർത്താപരമ്പരയിൽ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്.
ഏഷ്യാനെറ്റിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയതിൽ കെ.യു.ഡബ്ല്യു.ജെ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് പ്രതിഷേധറാലി നടത്തി. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എസ്.എഫ്.ഐ എതിരല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു 'കേരളകൗമുദി"യോട് പറഞ്ഞു.
മാദ്ധ്യമ സ്ഥാപനങ്ങളിൽ അതിക്രമം ശരിയല്ല: മന്ത്രി
തിരുവനന്തപുരം: മാദ്ധ്യമസ്ഥാപനങ്ങളിൽ കയറി അതിക്രമം കാട്ടുന്നത് ശരിയല്ലെന്നാണ് വാർത്താ സമ്മേളനത്തിനിടെ മന്ത്രി വി. ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ എസ്.എഫ്.ഐ അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. മാദ്ധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ അനാവശ്യമായി കടന്നുകയറുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ശരിയല്ലെന്നും. എസ്.എഫ്.ഐക്കാർ അങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് തനിക്കറിയില്ല. അങ്ങനെ സംഭവിച്ചെങ്കിൽ അത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
സി.പി.എം ഗുണ്ടായിസം മാദ്ധ്യമ സ്ഥാപനങ്ങളിലേക്കും: കെ. സുധാകരൻ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനെതിരായ എസ്.എഫ്.ഐ അതിക്രമം സി.പി.എം ഗുണ്ടായിസത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു. ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അധരവ്യായാമം നടത്തുകയും അവ തല്ലിത്തകർക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റിന്റെ ഇരട്ടത്താപ്പാണ് പ്രകടമായത്. ബി.ബി.സിയുടെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയ സി.പി.എം പ്രവർത്തകർ കേരളത്തിലെ മാദ്ധ്യമങ്ങളെ കായികമായി നേരിട്ട് കൂച്ചുവിലങ്ങിടാൻ ഇറങ്ങിയത് നിർഭാഗ്യകരമാണ്. ഏഷ്യാനെറ്റ് ചാനലിനെതിരെ മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശത്തിന് പിന്നാലെ ചാനലിന്റെ കൊച്ചി ഓഫീസിന് നേർക്കുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സൂചനയുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
സി.പി.എമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമായി: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമത്തിലൂടെ സി.പി.എമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി വിജയന്റെ തുടർഭരണത്തിൽ മാദ്ധ്യമങ്ങളെ അടിച്ചമർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നത്. ബി.ജെ.പി ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൻവറിന്റെ പരാതിയിൽ ഏഷ്യാനെറ്റിനെതിരെ കേസ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത സൃഷ്ടിച്ചുവെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തു. പി.വി. അൻവർ എം.എൽ.എയുടെ പരാതിയിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തത്. എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ, കണ്ണൂർ റിപ്പോർട്ടർ നൗഫൽബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെയാണ് കേസ്. 2022 നവംബർ പത്തിന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത മയക്കുമരുന്നുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പതിന്നാലുകാരിയുടേതായി വന്ന അഭിമുഖം വ്യാജമാണെന്നാണ് അൻവറിന്റെ പരാതി.