യുഎഇ ഒപെക് എക്സിറ്റ്: എണ്ണവിലയിൽ ഇടിവ്

Sunday 05 March 2023 2:07 AM IST

ദുബായ്: ഒപെകിൽ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യുഎഇ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ എണ്ണവിലയിൽ ഇടിവുണ്ടായി. ഒപെക് വിട്ടതിന് ശേഷം കൂടുതൽ എണ്ണ പമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആഭ്യന്തര ചർച്ചകൾ നടത്തിയെന്ന് വാൾ സ്ട്രീറ്റ് ജേർണൽ ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതോടെ വില തിരിച്ചുകയറി. ബ്രെന്റ് ക്രൂഡ് 0.8 ശതമാനം കുറഞ്ഞ് ബാരലിന് 84.04 ഡോളറിലെത്തി. ചൈനീസ് സാമ്പത്തിക ഡാറ്റ കരുത്താർജിച്ചതിനെ തുടർന്ന് ഈയാഴ്ച എണ്ണ വില ഉയർന്നിരുന്നു. എന്നാൽ ഈ നേട്ടം വെള്ളിയാഴ്ചയിലെ റിപ്പോർട്ടോടെ തടസം നേരിടുകയായിരുന്നു. ഏറ്റവും കൂടുതൽ സ്പെയർ കപ്പാസിറ്റിയുള്ള രാജ്യങ്ങൾ യുഎഇയും സൗദി അറേബ്യയുമാണ്. ചൈനയിൽ സേവനമേഖലയിലും നിർമാണ പ്രവർത്തനങ്ങളിലും ആറ് മാസത്തിനിടയിലെ മികച്ച വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അത് കൂടാതെ റഷ്യയിൽനിന്നും കടൽ വഴി എണ്ണ ഇറക്കുമതി ചെയ്യുന്നത് ഈമാസത്തോടെ റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം യുഎസ് ക്രൂഡ് ഓയിലിന്റെ കയറ്റുമതി സമീപ ആഴ്ചകളേക്കാൾ നേരിയ വർധനവുണ്ടാക്കി.