വെണ്മണിയിൽ അമ്മ അറിയാൻ സെമിനാർ, ലഹരിക്കെതിരെ നാടിന്റെ പ്രതിരോധം

Sunday 05 March 2023 12:36 AM IST
കേരളകൗമുദിയുടെയും എക്സൈസ് വകുപ്പുിന്റെയും നേതൃത്വത്തിൽ​ വെൺമണി അക്ഷരമുറ്റം ഗ്രന്ഥശാലയുടെയും വെൺ​മണി​ ഗ്രാമപഞ്ചായത്ത് 11-ാംവാർഡ് കുടുംബശ്രീ എ.ഡ്.എസ്സിന്റെയും സഹകരണത്തോടെ നടത്തിയ അമ്മയറിയാൻ ലഹരിവിരുദ്ധ സെമിനാർ വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : വെണ്മണി അക്ഷരമുറ്റം ഗ്രന്ഥശാലയുടെയും വെണ്മണി പഞ്ചായത്ത് 11ാം വാർഡ് കുടുംബശ്രീ എ.ഡി.എസും സംയുക്തമായി കേരളകൗമുദിയുടെയും എക്‌സൈസ് ഡിപ്പാർട്ടുമെന്റിന്റെയും സഹകരണത്തോടെ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സ്റ്റീഫൻ ശമുവേൽ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ ഹരിതകർമ്മ സേന പ്രവർത്തകരെ അക്ഷരമുറ്റം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജിലാൽ ആദരിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് അസി.സർക്കുലേഷൻ മാനേജർ എസ്.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിജി ഐപ്പ് മാത്യു ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ, ഗ്രന്ഥശാല സെക്രട്ടറി ശ്രീകുമാർ കല്ലമൺ മഠം, എ.ഡി.എസ് ചെയർപേഴ്‌സൺ വത്സല കുമാരി എന്നിവർ സംസാരിച്ചു.

അമ്മമാർ വീടിന്റെ ഐശ്വര്യം

കുടുംബത്തിന്റെ ഐശ്വര്യമായി പ്രവർത്തിക്കുന്ന ഏകഘടകം അമ്മമാരാണ്. നമ്മുടെ കുട്ടികളിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അമ്മമാർക്ക് മനസിലാക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ കുടുംബങ്ങളിൽ കൂട്ടായിട്ടുള്ള സംസാരത്തിനോ ഒത്തുകൂടലിനോ സമയം കണ്ടെത്തുന്നില്ല. പണം സമ്പാദിക്കാനുള്ള മാർഗമെന്ന നിലയിൽ കുറ്റകൃത്യങ്ങളിലേക്ക് നമ്മുടെ സമൂഹം മാറികൊണ്ടിരിക്കുകയാണ്.

ടി.സി.സുനിമോൾ,

വെണ്മണി പഞ്ചായത്ത് പ്രസിഡന്റ്

രക്ഷിതാക്കൾക്കും ബോധവത്കരണം വേണം.

പെൺകുട്ടികളും ഇപ്പോൾ മയക്കുമരുന്നിന്റെ പിന്നാലെ പോവുകയാണ്. കുട്ടികൾക്ക് മാത്രം ബോധവൽക്കരണം നടത്തിയിട്ട് കാര്യമില്ല, കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും ക്ലാസുകൾ അത്യാവശമാണ്. പെൺകുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെങ്കിൽ അത് ആൺ സുഹൃത്തിന്റെ കൈയ്യിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളു. കൂടാതെ കുട്ടികളെ അവരുടെ താൽപര്യമില്ലാത്ത കോഴ്‌സുകളിൽ നിർബന്ധിച്ച് പഠിപ്പിക്കാൻ വിടരുത്. മാർക്ക് കുറയുമ്പോൾ കുട്ടുകാരുടെ നിർദ്ദേശപ്രകാരം വിജയത്തിനായി ഉറങ്ങാതിരുന്ന് പഠിക്കാൻ മയക്കുമരുന്ന് ഉപയോഗിച്ചുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജിജി ഐപ്പ് മാത്യു,

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ.