പെരുന്തേനീച്ച ശല്യം, കുത്തേറ്റ് നിരവധിപ്പേർ നടപടി എടുക്കണമെന്ന് നാട്ടുകാ‌ർ

Monday 06 March 2023 12:01 AM IST
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥഥർ സ്ഥലം സന്ദർശിക്കുന്നു

നാരങ്ങാനം: നെല്ലിക്കാലാ ആലുങ്കൽ റോഡിൽ മഹാണിമലയ്ക്ക് സമീപമുള്ള പാറമടയിലെ പെരുന്തേനീച്ച കുട്ടികളേയും കാൽനടയാത്രക്കാരേയും കുത്തിയ സംഭവത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് റാന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് എസ്.എഫ്.ഒ പി.കെ.രമേശ്, ബി.എഫ്.ഒമാരായ ശ്രീകുമാർ എസ്, രാജേഷ് പിള്ള എന്നിവർ സ്ഥലം സന്ദർശിച്ചു. നാല് വലിയ തേനീച്ചക്കൂട്ടുകളാണ് ഇവിടെയുള്ളത്. 30 അടിയിലേറെ ഉയരത്തിലാണ് ഇവ കൂടുവച്ചിരിക്കുന്നത്.മൂന്നു നാലു ദിവസമായി സ്‌കൂൾ കുട്ടികളടക്കം നിരവധി പേർക്ക് കുത്തേറ്റിരുന്നു. കുട്ടികൾ ബാഗുകൾ ഉപേക്ഷിച്ച് ഓടി അടുത്ത വീടുകളിൽ അഭയം പ്രാപിക്കുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ കുട്ടികളെ ആശുപതികളിൽ പ്രവേശിപ്പിച്ചു. ഒരു കിലോമീറ്ററോളം പിൻതുടർന്ന് കുത്തുന്നതായി സമീപവാസികൾ പറയുന്നു. ഇന്നലെ ജോലിക്കായി ഈ വഴി കാൽനടയായി പോയ യുവതിയെയും, പ്രഭാത സവാരിക്കിറങ്ങിയ ആളിനും ഗുരുതരമായി കുത്തേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സ തേടി. ഇതുവഴിയുള്ള നാട്ടുകാർ കാൽനട യാത്രയും ഇരുചക്രവാഹന യാത്രയും ഒഴിവാക്കിതുടങ്ങി. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണെണമെന്നാണ് നാട്ടുകാരുടെ ആവശ്യം.