ഇലന്തൂർ‌പ്പടയണി: കളം നിറഞ്ഞാടി രുദ്രമറുത

Sunday 05 March 2023 12:07 AM IST
പടയണി കളത്തിലെത്തിയ അരക്കി യക്ഷി കോലങ്ങൾ

ഇലന്തൂർ: ഭഗവതികുന്ന് ക്ഷേത്രത്തിലെ പടയണികളത്തിൽ നാലാം ദിനമായ ഇന്നലെ കോലങ്ങൾ കളം നിറഞ്ഞാടി. പിശാചും പക്ഷിയും യക്ഷിയും തുള്ളിയൊഴിഞ്ഞ കളത്തിൽ ഇന്നലെ കൂട്ടക്കോലങ്ങളെ കൂടാതെ വലം കൈയ്യിൽ വാളും ഇടം കൈയ്യിൽ എരിയുന്ന പന്തവുമായി ചൂട്ടു വെളിച്ചത്തിൽ കളത്തിലെത്തിയ രുദ്രമറുത ചടുലമായ ചുവടുകളുമായി കളം ഒഴി ഞ്ഞു. ഇന്ന് നാഗരാജാവിന്റെ നടയിൽ രാവിലെ നടക്കുന്ന ആയില്യംപൂജയെ തുടർന്ന് രാത്രിയിൽ കളത്തിൽ എത്തുന്നത് എരിനാഗയക്ഷി കോലങ്ങളാണ്. സർപ്പ സമാനമായ കിരീട കോലവും, നെഞ്ചു മാലയും ,കുരുത്തോല പാവാടയും, കാൽചിലമ്പുമായി വരുന്ന നാഗയക്ഷികോലം കരക്കാർക്ക് വേറിട്ട അനുഭവമായിരിക്കും. നാഗയക്ഷിയെ കൂടാതെ ശിവകോലം, പിശാച്, മറുത ,സുന്ദരയക്ഷി, കാലൻ, ഭൈരവി തുടങ്ങിയ കോലങ്ങളും തുള്ളി ഒഴിയും.